കൊച്ചി: വൃക്ക മാറ്റി​വയ്ക്കലി​ൽ നി​ർണായക നേട്ടങ്ങളുമായി​ എറണാകുളം ജനറൽ ആശുപത്രിയുടെ മുന്നേറ്റം.

ആശുപത്രിയിൽ നടത്തിയ രണ്ടാമത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയി​ച്ചു. 52 വയസുള്ള വൈപ്പിൻ നായരമ്പലം സ്വദേശി തായാട്ടു പറമ്പിൽ ടി.എസ്. സുനിലാണ് ആശുപത്രിയിലെ രണ്ടാമത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ ദിവസം വിധേയനായത്. ഇദ്ദേഹത്തിന്റെ ഭാര്യ കെ.ടി. ദീപയാണ് വൃക്ക ദാനം ചെയ്തത്. ഇരുവരും സുഖംപ്രാപിച്ചു വരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്തംബർ അവസാനം 50 വയസുള്ള അമ്മ 28 വയസുള്ള മകനു വൃക്ക നൽകിയതായിരുന്നു ഇവിടെ നടന്ന ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദർഭമാണിതെന്ന് ആരോഗ്യമന്ത്രി ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ജനറൽ ആശുപത്രിക്ക് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്.


ഇനി 10 പേർ

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ബുക്ക് ചെയ്തിട്ടുള്ളത് 10 പേരാണ്. കാരുണ്യ ആരോഗ്യ പദ്ധതിയുണ്ടെങ്കിൽ പൂർണ സൗജന്യമായാണ് ശസ്ത്രക്രിയ നടക്കുന്നത്. അല്ലാത്തവർക്ക് ഏകദേശം നാലുലക്ഷം രൂപയോളമാണ് മുടക്കേണ്ടിവരിക. ശസ്ത്രക്രിയക്ക് രണ്ട് ലക്ഷവും. ശസ്ത്രക്രിയാ ദിനത്തിലെ മരുന്നിന് രണ്ടു ലക്ഷവും. സ്വകാര്യ ആശുപത്രികളിൽ ഇതിന് 35 മുതൽ 40 ലക്ഷം വരെയാണ് ചെലവ് വരിക.

വൃക്ക മാറ്റിവയ്ക്കലിന് അനുമതി സെപ്തംബറിൽ

എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് സെപ്തംബറിലാണ് ഔദ്യോഗിക അനുമതി ലഭിച്ചത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ളാന്റ് ഓർഗനൈസേഷനാണ് രജിസ്‌ട്രേഷനും സർട്ടിഫിക്കേഷനും നൽകിയത്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്.

ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. ഡോ. സന്ദീപ് ഷേണായിയുടെ നേതൃത്വത്തിലുള്ള നെഫ്രോളജി വകുപ്പിലെ മൂന്ന് ഡോക്ടർമാരുടെയും സേവനവുമുണ്ട്.


ജനറൽ ആശുപത്രിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി എഴുതിച്ചേർക്കുകയാണ്.
ഡോ. ഷഹീർ ഷാ
സൂപ്രണ്ട്