കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രിമാരായ പി. രാജീവിന്റെയും എം.ബി. രാജേഷിന്റെയും നേതൃത്വത്തിൽ വിലയിരുത്തി. മുൻകരുതൽ നടപടികളുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് മന്ത്രിമാർ നിർദ്ദേശം നൽകി.
34 സ്ട്രീറ്റ് ലൈറ്റുകളാണ് പ്ലാന്റിൽ സ്ഥാപിച്ചത്. കൂടുതൽ പ്രകാശം ക്രമീകരിക്കുന്നതിന് ഫയർഫോഴ്‌സിന്റെ ഹസ്‌ക ലൈറ്റ് പരിഗണിക്കും. വൈദ്യുതി തടസപ്പെട്ടാലും പ്രകാശം ലഭ്യമാക്കും. ജനറേറ്റർ വാടകയ്ക്ക് എടുക്കും. പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറ പരിശോധിക്കാനുള്ള സംവിധാനം പൊലീസിനും ജില്ലാ ദുരന്ത നിവാരണ വകുപ്പിനും നൽകിയിട്ടുണ്ട്. മാലിന്യ പ്ലാന്റിന്റെ ഉൾഭാഗത്തേക്കുള്ള പ്രധാന റോഡുകൾ പൂർത്തിയായി. ഉൾഭാഗത്തേക്കുള്ള റോഡുകൾ ഫയർ ടെൻഡർ വാഹനങ്ങൾക്ക് അനായാസം സഞ്ചരിക്കാനാവുന്ന വിധം ശക്തിപ്പെടുത്തും.
കഴിഞ്ഞ യോഗ തീരുമാന പ്രകാരം മാലിന്യ പ്ലാന്റിൽ നടത്തിയ മോക്ക് ഡ്രില്ലിന്റെ വിശദാംശങ്ങളും യോഗത്തിൽ വിലയിരുത്തി. പോയിന്റ് സീറോ, ഏഴാം സെഗ് മെന്റ് , നാലാം സെഗ് മെന്റ് എന്നീ മൂന്ന് പോയിന്റുകളിൽ തീപിടിക്കുന്നതും ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ തീ അണയ്ക്കുന്നതുമാണ് മോക്ക് ഡ്രില്ലിൽ ആവിഷ്‌കരിച്ചത്.
തീപിടിത്തമുണ്ടാകുന്ന സാഹചര്യത്തിൽ ഫയർ ടെൻഡറുകൾക്ക് വഴി കാണിക്കുന്നതിനാവശ്യമായ പരിശീലനം വാച്ചർമാർക്ക് നൽകും. പ്ലാന്റിലെ മാലിന്യക്കൂനകൾ നനയ്ക്കുന്ന പ്രവർത്തനം ഊർജിതമായി തുടരണമെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കൊച്ചി മേയർ എം. അനിൽ കുമാറും ഓൺലൈനായി ചേർന്നു.
കൈക്കൊള്ളുന്ന നടപടികൾ
പ്ലാന്റിൽ ഓട്ടോമാറ്റിക് വെറ്റ് റൈസർ സംവിധാനം രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും.
20 ദിവസത്തിനകം ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കും
പ്ലാന്റിലെ ഫയർ വാച്ചർമാർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കും
വാച്ച് ടവറിൽ നിന്ന് നിരീക്ഷിക്കുന്നതിനുള്ള ബൈനോക്കുലർ വാങ്ങും
ജലസംഭരണികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാകും
..................
പ്ലാന്റിൽ വൈദ്യുത തടസം നേരിട്ടാൽ സമാന്തര സംവിധാനമൊരുക്കുന്നതിന് നടപടി സ്വീകരിക്കണം.
മന്ത്രി പി. രാജീവ്