sudharkan

കൊച്ചി/ ന്യൂഡൽഹി: മാേൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.മിൽമയുടെ ഭരണം പിടിക്കാൻ പിണറായി സർക്കാർ നിയമസഭയിൽ പാസാക്കിയ സഹകരണസംഘം ഭേദഗതി ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മു. ഗവർണറുടെ നിർദേശ പ്രകാരം കെ.ടി.യു വൈസ് ചാൻസലറായി ചുമതലയേറ്റശേഷം വിരമിച്ച സിസ തോമസിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി.

ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ക്രൈബ്രാഞ്ച് നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയപ്പോൾ,സിസയ്ക്ക് എതിരായ ഹർജി സ്വീകരിക്കാൻപോലും സുപ്രീംകോടതി തയ്യാറാകാതിരുന്നത് സർക്കാരിന് തിരിച്ചടിയായി.മിൽമ പിടിച്ചടക്കാനുള്ള വഴികൾ അടയുകയും ചെയ്തു.

മോൻസൺ തട്ടിപ്പിൽ

സുധാകരൻ രണ്ടാംപ്രതി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിക്കെയാണ്

മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു - സാമ്പത്തിക തട്ടിപ്പുകേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചനയും ഗൂഢാലോചനയും ചുമത്തി എറണാകുളം അഡിഷണൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച സമർപ്പിച്ച കുറ്റപത്രത്തിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിയുമായ എബിൻ എബ്രഹാമാണ് മൂന്നാം പ്രതി.

ആരോപണവിധേയരായ ഐ.ജി ജി. ലക്ഷ്മൺ, മുൻ ഡി.ഐ.ജി എസ്. സുദർശൻ, ഭാര്യ ബിന്ദുലേഖ എന്നിവരെ ഒഴിവാക്കിയുള്ളതാണ് കുറ്റപത്രമെന്ന് അറിയുന്നു. ബാങ്കിൽ കുടുങ്ങിയ 2.62 ലക്ഷം കോടി ലഭിക്കാൻ ഡൽഹിയിലെ തടസങ്ങൾ സുധാകരൻ മാറ്റിത്തരുമെന്നും അതിന്റെ ചെലവിലേക്കായി 25ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചെന്നും സുധാകരൻ അതിൽ നിന്ന് പത്ത് ലക്ഷം കൈപ്പറ്റിയെന്നുമാണ് കേസ്.

മിൽമ ഭേദഗതി ബിൽ

രാഷ്ട്രപതി പൂട്ടി

തിരുവനന്തപുരം: നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിച്ച് മിൽമയുടെ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ 2022ജൂലായ് 19ന് നിയമസഭ പാസാക്കിയ സഹകരണസംഘം ഭേദഗതി ബില്ലിനാണ് രാഷ്ട്രപതി ദ്രൗപതി മുർമ്മു അനുമതി നിഷേധിച്ചത് . ബില്ല് തടഞ്ഞുവയ്ക്കുകയാണെന്ന ഒറ്റവരി സന്ദേശമാണ് രാജ്ഭവനിൽ ലഭിച്ചത്.

പ്രസിഡന്റ് ഇല്ലാത്ത ക്ഷീരസഹകരണ സംഘങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർക്കും നാമനിർദേശം ചെയ്ത ഒരു അംഗത്തിനും വോട്ടവകാശം ലഭിക്കാനുള്ള ഭേദഗതിയായിരുന്നു ബില്ലിൽ. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കാണ് നിലവിൽ വോട്ടവകാശമുള്ളത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശം ലഭിച്ചാൽ വോട്ടെടുപ്പ് അട്ടിമറിക്കപ്പെടുമെന്നാണ് ഗവർണർ വിലയിരുത്തിയത്.

പ്രസിഡന്റ് ഇല്ലാത്ത ക്ഷീര സംഘങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനാണ് ഭേദഗതിയെന്നായിരുന്നു സർക്കാർ നിലപാട്.

പക ഉദ്യോഗസ്ഥരോട്

വേണ്ട:സുപ്രീംകോടതി

ന്യൂഡൽഹി : സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു)​ വൈസ് ചാൻസലറായി ഗവർണർ നിയമിച്ചിരുന്ന സിസാ തോമസിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി നോട്ടീസ് അയക്കാൻ പോലും തയ്യാറാകാതെ ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും, പി.എസ്. നരസിംഹയും അടങ്ങിയ ബെഞ്ച് തള്ളി. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് കോടതി ആവർത്തിച്ചു.

സർക്കാർ ശുപാർശയില്ലാതെ വി.സിയുടെ ചുമതല ഏറ്റെടുത്തത് അച്ചടക്കലംഘനമെന്നാണ് സർക്കാർ നിലപാട്. നിയമനം ചട്ടവിരുദ്ധമല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. സിസാ തോമസ് മാർച്ച് 31ന് വിരമിച്ചെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്.

കൂടുതൽ വാർത്തകൾ....