കൊച്ചി: ഇടപ്പള്ളി -വൈറ്റില ബൈപ്പാസിലെ ഇരുമ്പ് മേൽപ്പാലത്തിന്റെ പടിക്കെട്ടിൽനിന്ന് തെന്നി താഴേയ്ക്കുവീണ് 53കാരന് ദാരുണാന്ത്യം. എറണാകുളത്ത് താമസിക്കുന്ന കോഴിക്കോട് കടലുണ്ടി കൈതവളപ്പുവീട്ടിൽ എ. മനോജ്കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
റോഡരികിൽ കാനയോട്ചേർന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ മനോജിനെക്കണ്ട വഴിയാത്രക്കാരനാണ് പൊലീസിനെ അറിയിച്ചത്. വാഹന അപകടമാണെന്നാണ് ആദ്യം കരുതിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സി.സി ടിവി പരിശോധിച്ചപ്പോഴാണ് മേൽപ്പാലത്തിൽനിന്ന് താഴേയ്ക്ക് ഇറങ്ങുന്നതിനിടെ വീണാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.