* ശിവരാത്രി വെള്ളിയാഴ്ച
ആലുവ: ശിവരാത്രി നാളിൽ ഉറക്കമിളച്ച് പിതൃതർപ്പണത്തിനെത്തുന്ന ഭക്തലക്ഷങ്ങളെ വരവേൽക്കാൻ ആലുവ പെരിയാർതീരം ഒരുങ്ങുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് തർപ്പണചടങ്ങുകൾ നടക്കുന്നത്.
ആലുവ നഗരസഭ, പൊലീസ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ശിവരാത്രി നാളിൽ രാത്രി അരിഭക്ഷണം കഴിക്കാതെ ഒരിക്കലെടുത്തുവരുന്ന ഭക്തർ മണപ്പുറത്ത് ബലിതർപ്പണം നടത്തും. വെള്ളിയാഴ്ച രാത്രിമുതലാണ് ബലിതർപ്പണം ആരംഭിക്കുന്നത്. മണപ്പുറത്ത് ക്ഷേത്രത്തിന് മുമ്പിലായി വിശാലമായ നടപ്പന്തൽ തീർത്തിട്ടുണ്ട്. ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും ശിവരാത്രി ആഘോഷം.
1200 ഓളം പൊലീസുകാർ ശിവരാത്രി ഡ്യൂട്ടിക്കായി മണപ്പുറത്തുണ്ടാകും. അപകടം സംഭവിച്ചാൽ അടിയന്തര രക്ഷാപ്രവർത്തനം മുൻനിറുത്തി നേവിയുടെ മുങ്ങൽ വിദഗ്ദ്ധരുടേയും ഫയർഫോഴ്‌സിന്റെ സ്‌കൂബഡൈവിംഗ് ടീമിന്റെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും സേവനം ലഭ്യമാകും. കെ.എസ്.ആർ.ടി.സി 250ഓളം ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ശിവരാത്രിക്കാലത്ത് മണപ്പുറത്തിനൊപ്പം നഗരത്തേയും വർണാഭമാക്കാൻ വ്യാപാരികളുടെ ദീപാലങ്കാരമത്സരവുമുണ്ട്.
അദ്വൈതാശ്രമത്തിൽ ഒരേസമയം 2000 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹനപാർക്കിംഗ് സൗകര്യവുമുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കടവുകളിൽ ബലിതർപ്പണം നടത്താം.
മണപ്പുറത്ത് ദേവസ്വംബോർഡ് വെളിച്ചമേകും
300 എം.എച്ച് ലാമ്പുകളും 200ട്യൂബ് ലൈറ്റുകളും മണപ്പുറത്ത് വെളിച്ചമേകാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കാൻ 125കിലോ വാട്ടിലുള്ള രണ്ട് ഡീസൽ ജനറേറ്ററുകളും ഒരുക്കിയിട്ടുണ്ട്. മണപ്പുറത്തിന് ചുറ്റുമായി 15 ലൈറ്റ് ടവറുകൾ തീർത്തിട്ടുണ്ട്. ബലിതർപ്പണം നടക്കുന്ന കടവുകളിൽ വെളിച്ചത്തിന് 16 പോസ്റ്റുകൾ സ്ഥാപിച്ചു. ഓരോപോസ്റ്റിലും അഞ്ചുവീതം എം.എച്ച് ലാമ്പുകളുണ്ടാകും. ക്ഷേത്രത്തിന് ചുറ്റിലുമായി വർണബൾബുകളുടെ അലങ്കാരവുമുണ്ടാകും.