കൊച്ചി: ഇടപ്പള്ളിയിൽ വനംവകുപ്പ് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിന്റെ ഭാഗമായി മുറിക്കാനിരിക്കുന്ന 59 മരങ്ങളിലൊന്നും അപൂർവ ഇനമല്ലെന്ന് ഡെപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ മറുപടി സത്യവാങ്മൂലം നൽകി.
ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുകയെന്ന 2008 മുതലുള്ള നിർദ്ദേശം നബാർഡും അംഗീകരിച്ചതാണ്. കൺസർവേറ്ററുടെയടക്കം ആറ് ഓഫീസുകൾക്കാണ് കെട്ടിടം പണിയുന്നത്. ജീവനക്കാർക്കായി ക്വാർട്ടേഴ്സും നിർമ്മിക്കുന്നുണ്ട്. നിർമ്മാണം വൈകിയാൽ ഫണ്ട് നഷ്ടമാകും.
മരങ്ങൾ മുറിക്കുന്നത് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നു. അത് നീട്ടിയിട്ടുണ്ട്. മരം മുറിക്കാൻ അനുമതി നൽകിയ 'ട്രീ കമ്മിറ്റി" തീരുമാനം ചോദ്യം ചെയ്ത് അഭിഭാഷകനായ ബി.എച്ച്.മൻസൂർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.