കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദഗ്ധർ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ കൂടിയായ മറൈൻ സയൻസ് ഡീൻ ഡോ. ബിജോയ് നന്ദൻ. എസ്, സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് അസോസിയേറ്റ് പ്രൊഫസർ ഡോ.ഹരീഷ്.എൻ. രാമനാഥൻ, മറൈൻ ബയോളജി വകുപ്പിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. ശ്രീലക്ഷ്മി. എസ് എന്നിവരെ പ്ലാൻ അറ്റ് എർത്ത് എന്ന എൻ.ജി.ഒയുടെ കൺസൾട്ടന്റുമാരായി തെരഞ്ഞെടുത്തു.
പ്ലാൻ അറ്റ് എർത്ത് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി നടപ്പിലാക്കുന്ന മാർക് എന്ന പദ്ധതിയ്ക്കായി മൂന്ന് വർഷക്കാലത്തേക്ക് 2.5 കോടി രൂപയാണ് ഡി.പി വേൾഡ് സി.എസ്.ആറിന്റെ ഭാഗമായി നൽകുന്നത്. കണ്ടൽക്കാടുകളുടെ പുനരുദ്ധാരണവും സംരക്ഷണവും മാത്രമല്ല, പ്രദേശവാസികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇടപെടലുകളും ഉൾക്കൊള്ളുന്ന പദ്ധതിയാണ് മാർക്.
കുഴുപ്പിള്ളി, ഞാറക്കൽ, കടമക്കുടി, പള്ളിപ്പുറം പഞ്ചായത്തുകളാണ് ഇതിൽ ഉൾപ്പെടുക. സമഗ്രമായ ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം കണ്ടൽ പുനരുദ്ധാരണത്തിനായി 25 ഏക്കർ ഭൂമി കണ്ടെത്തൽ, പ്രോപ്പഗ്യൂൾസ് നഴ്‌സറി സ്ഥാപിക്കൽ എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവയാണ്.
തീരദേശത്തെ പരിസ്ഥിതി സംരക്ഷണവും സാമൂഹിക വികസനവും ലക്ഷ്യമിട്ട് അക്കാദമിക വിദഗ്ധർ, എൻ.ജി.ഒകൾ, കോർപ്പറേറ്റ് എന്നിവയുടെ സഹകരണത്തോടെയുള്ള ശ്രമത്തെയാണ് കൺസൾട്ടൻസി ലക്ഷ്യമിടുന്നത്.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ