കൊച്ചി: രാത്രികാലങ്ങളിൽ യാത്രക്കാരൊഴി‌ഞ്ഞാൽ ഇടപ്പള്ളി -അരൂർ ബൈപ്പാസിലെ കാൽനട മേൽപ്പാലങ്ങൾ 'മിനി ബാറാകും. പാലാരിവട്ടം, ചളിക്കവട്ടം, കണ്ണാടിക്കാട്, പനങ്ങാട് എന്നിവിടങ്ങളിലെ റോഡ് മുറിച്ചുകടക്കാനുള്ള മേൽപ്പാലങ്ങളാണ് സാമൂഹ്യവിരുദ്ധർ കൈയടക്കിയിട്ടുള്ളത്. പാലങ്ങളിലെ വെളിച്ചമില്ലാത്തത് മുതലെടുത്താണ് ഇവർ തമ്പടിക്കുന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ളവരും ഇവിടെ തമ്പടിക്കുന്നതിനാൽ സന്ധ്യയായാൽ ഒരാളുപോലും ഇതിലൂടെ സഞ്ചരിക്കാറില്ലെന്നതാണ് വാസ്തവം.

കഴിഞ്ഞദിവസം ചളിക്കവട്ടത്തെ മേൽപ്പാലത്തിൽ നിന്ന് വീണ് 53കാരൻ മരിച്ചിരുന്നു. എറണാകുളത്ത് താമസിക്കുന്ന കോഴിക്കോട് കടലുണ്ടി സ്വദേശിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ മദ്യലഹരിയിൽ പടിക്കെട്ടുകൾ കയറുന്നതിനിടെ അടിതെറ്റിയതായിരുന്നു അപകടകാരണം. പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായത്.

സംഭവത്തിന് ഏതാനും ആഴ്ചകൾക്ക് മുന്നേ കാൽനട മേൽപ്പാലങ്ങൾ മദ്യപസംഘം കൈയടക്കിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. നടപടിയെടുക്കും മുമ്പായിരുന്നു അപകടം.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നിർമ്മിച്ച കാൽനട മേൽപ്പാലങ്ങൾ 2018ലാണ് തുറന്നത്. നഗരത്തിലെ ആദ്യ കാൽനട മേൽപ്പാലമായതിനാൽ തുടക്കത്തിൽ ആളുകൾ ഇതിലൂടെ റോഡ് മുറിച്ചുകടന്നിരുന്നു. എന്നാൽ പിന്നീട് ആളുകൾ പാലങ്ങൾ കൈയൊഴി‌ഞ്ഞു.

പ്രകാശം പരക്കണം

നാല് കാൽനട മേൽപ്പാലങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കണമെന്നും മദ്യപസംഘത്തെ തുരത്തണമെന്നുമാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. സന്ധ്യയാകുന്നതോടെ പാലം പൂർണമായും ഇരുട്ടിലാകും. പടിക്കെട്ടുകൾ പോലും കാണാൻ കഴിയാത്ത വിധമാണിത്. ഇതിനാൽ മേൽപാലം ആരും ഉപയോഗിക്കാറില്ല. ഇതാണ് മദ്യപസംഘങ്ങൾ മുതലെടുക്കുന്നത്. ഇരുമ്പിൽ തീർത്ത മേൽപ്പാലത്തിൽ ഇരുമ്പ് നെറ്റുകൊണ്ടാണ് പുറംചട്ട തീർത്തിട്ടുള്ളത്. പാലത്തിൽ നിന്ന് നോക്കിയാൽ പുറംകാഴ്ചകൾ കാണുക കൂടിയായിരുന്നു ഉദ്ദേശ്യം.

45 പടികൾ

20 അടി ഉയരമുള്ള പാലത്തിത്തിന് 45 പടികളാണുള്ളത്. റോഡ് മുറിച്ചുകടക്കാൻ പേടിയുള്ളവർ മാത്രമേ ഇപ്പോൾ മേൽപ്പാലങ്ങൾ ഉപയോഗിക്കുന്നുള്ളൂ. ഇത്രയും പടികൾ കയറാനുള്ള മടിയാണ് മറ്റുള്ളവരെ മേൽപ്പാലയാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

 മേൽപ്പാലങ്ങൾ

പാലാരിവട്ടം

ചളിക്കവട്ടം

കണ്ണാടിക്കാട്

 പനങ്ങാട്