
കൊച്ചി: വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ അപകടാവസ്ഥയിലായ രണ്ട് ആർമി ടവറുകളിലെയും താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് വിദഗ്ദ്ധസമിതി.
പി.ഡബ്ളിയു.ഡി ബിൽഡിംഗ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ ജെസി, ഡിസൈൻ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ വി.എം. അസീന, തൃപ്പൂണിത്തുറ നഗരസഭ അസി. എക്സിക്യുട്ടീവ് എൻജിനിയർ ബി.ആർ. ഓംപ്രകാശ്, ജി.സി.ഡി.എ അസി. എക്സിക്യൂട്ടീവ് എൻജിനിയർ വൈ. ഡേവിഡ് എന്നിവരുൾപ്പെട്ട സമിതിയാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.
29 നില വീതമുള്ള ടവറുകൾ പൊളിച്ചു നീക്കണോ, അതോ, അറ്റകുറ്റപ്പണിയിലൂടെ നിലനിർത്താനാകുമോ എന്നു നിശ്ചയിക്കാൻ ഗവ. എൻജിനീയറിംഗ് കോളേജിൽ നിന്നുള്ള സംഘത്തെ നിയോഗിക്കണം.
ഇവരുടെ തീരുമാനം വരുന്നതുവരെ ഒഴിപ്പിക്കലിനായി കാത്തുനിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്. സ്ട്രക്ചറൽ പരിശോധന നടത്താനുള്ള വൈദഗ്ദ്ധ്യം തങ്ങൾക്കില്ലെന്ന് സമിതി വ്യക്തമാക്കി.
ചൊവ്വാഴ്ച ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന് സമർപ്പിച്ച സംയുക്തറിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ്.
ബലക്ഷയം ഗുരുതരമാണെന്നും ഒഴിപ്പിക്കണമെന്നും ഇവർ വെവ്വേറെ റിപ്പോർട്ടുകളിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ശുപാർശ ചെയ്തിരുന്നു.
• 208 കുടുംബങ്ങൾ
രണ്ട് ടവറുകളിലെ 208 ഫ്ളാറ്റുകളിലായി 800-ാളം പേർ താമസിക്കുന്നുണ്ട്. അടുത്തിടെ വിരമിച്ച വൈസ് ചീഫ് ഒഫ് ആർമി സ്റ്റാഫ് ലഫ്. ജനറൽ ശരത് ചന്ദ്, നേവി വൈസ് അഡ്മിറൽ എം.ഡി. സുരേഷ് എന്നിവരുൾപ്പെടെ സേനയിലെ അധികാരശ്രേണിയിലെ ഉന്നതർക്കും ഫ്ളാറ്റുകളുണ്ട്.
• ആർമിയുടെ ചതി
കരസേനയുടെ നിയന്ത്രണത്തിലുള്ള ആർമി വെൽഫെയർ ഹൗസിംഗ് സൊസൈറ്റി 2018ലാണ് രണ്ട് ടവറുകളും കൈമാറിയത്. രണ്ടാം വർഷം ബേസ്‌മെന്റ് ബീമുകളും പില്ലറുകളും പൊളിഞ്ഞു തുടങ്ങി. കെട്ടിടം പരിശോധിച്ച 12 വിദഗ്ദ്ധസംഘങ്ങളും ഉടൻ ബലപ്പെടുത്തൽ വേണമെന്ന് റിപ്പോർട്ട് ചെയ്തെങ്കിലും കാര്യമായ ഒന്നും നടന്നില്ല. നിർമ്മാണ വൈകല്യങ്ങളും അഴിമതിയുമാണ് പ്രശ്നമായത്. എല്ലാ നിലകളിലും മേൽത്തട്ടിലെ കോൺക്രീറ്റ് അടർന്നു വീഴുന്നുണ്ട്. ടൈലുകൾ പൊട്ടി. ഗോവണിപ്പടികൾ വിണ്ടുകീറി. ലിഫ്റ്റ് ചുമരിലെ ഗ്രാനൈറ്റ് സ്ളാബുകൾ പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്.