ചോറ്റാനിക്കര: ചോറ്റാനിക്കര ടെമ്പിൾ സിറ്റി, കൊച്ചി -ധനുഷ്കോടി ദേശീയപാത, അങ്കമാലി -കുണ്ടന്നൂർ എൻ.എച്ച് ബൈപ്പാസ്, തൃപ്പൂണിത്തുറ ബൈപ്പാസ്, കുരീക്കാട് റെയിൽവേ മേൽപ്പാലം എന്നിവ യാഥാർത്ഥ്യമാക്കണമെന്നാണ് തിരഞ്ഞെടുക്കപ്പെട്ടുവരുന്ന എം.പിയോട് വോട്ടർമാർക്ക് പറയാനുള്ളത്.
ചോറ്റാനിക്കര ടെമ്പിൾ സിറ്റി
ആയിരക്കണക്കിന് ഭക്തർ ദിനംപ്രതിയെത്തുന്ന ആരാധനാലയമാണ് ചോറ്റാനിക്കര ദേവീക്ഷേത്രം. വർഷങ്ങൾക്കുമുമ്പ് കേന്ദ്രസർക്കാരിന്റെ ഫണ്ടിൽനിന്ന് തുക അനുവദിച്ചെങ്കിലും ടെമ്പിൾസിറ്റി പദ്ധതി സമയബന്ധിതമായി നടപ്പാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും സംസ്ഥാന സർക്കാരിനും കഴിഞ്ഞില്ല.
പദ്ധതി വിഭാവനം ചെയ്തത് ചോറ്റാനിക്കര ദേവീക്ഷേത്ര നഗരിയുടെ സമഗ്ര വികസനമായിരുന്നു. 300 മീറ്റർ നീളത്തിൽ നടപ്പന്തലും 230 മീറ്റർ നീളത്തിൽ റോഡിൽ പാർക്കിംഗ് സൗകര്യവും തുടങ്ങിയ അടിസ്ഥാന വികസന സങ്കല്പത്തോടെയുള്ള പദ്ധതി.
കൊച്ചി -ധനുഷ്കോടി ദേശീയപാത
35 വർഷത്തിനുള്ളിൽ മൂന്നു പദ്ധതികൾക്കും മൂന്ന് കല്ലിടിൽ ചടങ്ങുകൾക്കും സാക്ഷ്യം വഹിച്ചവരാണ് തിരുവാങ്കുളം നിവാസികൾ. ഒന്നാമത്തെ പദ്ധതി കൊച്ചി - ധനുഷ്കോടി ദേശീയപാത, രണ്ടാമത്തെ പദ്ധതി കെ- റെയിൽ, മൂന്നാമത്തെ പദ്ധതി അങ്കമാലി - കുണ്ടന്നൂർ എൻ.എച്ച് ബൈപ്പാസ്.
താൻ ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ മധുര ദേശീയപാതയുടെ കല്ലിട്ടുപോയ അധികൃതർ തന്റെ ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും തലയ്ക്കുമുകളിലായിരുന്നു കല്ലിട്ടതെന്ന് പ്രദേശവാസിയായ ഗീവർഗീസ് സങ്കടപ്പെടുന്നു. 35 വർഷത്തിനിപ്പുറം പുതിയൊരു വീട് എന്ന സ്വപ്നത്തിനായി ഓഫീസുകളും കോടതി വരാന്തയും കയറി ഇറങ്ങി കുരുക്കഴിക്കാൻ ശ്രമിക്കുകയാണ് ഗീവർഗീസ്. പ്രതീക്ഷകളോടെ സ്ഥലം വിട്ടുകൊടുത്തവർ ഇന്ന് കടുത്ത നിരാശയിലാണ്.
തൃപ്പൂണിത്തുറ ബൈപ്പാസ്
തൃപ്പൂണിത്തുറ - തിരുവാങ്കുളം മേഖലയിലെ ഗതാഗതക്കുരുക്കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് തൃപ്പൂണിത്തുറ ബൈപ്പാസ്. നിലവിൽ തൃപ്പൂണിത്തുറ - ചോറ്റാനിക്കര റോഡിൽ തൃപ്പൂണിത്തുറ റെയിൽവേ പാലം മുതൽ തിരുവാങ്കുളം ജംഗ്ഷൻവരെ വാഹനങ്ങൾ ഇഴയുകയാണ്. എറണാകുളം, കോട്ടയം, ചാലക്കുടി എന്നീ മൂന്ന് മണ്ഡലങ്ങളിലെ എം.പിമാരുടെ പരിധിയിലാണ് തൃപ്പൂണിത്തുറ ബൈപ്പാസ് പദ്ധതി ഉൾപ്പെടുന്നത്. ആദ്യം പദ്ധതിയുടെ പേര് കൊച്ചി -മധുര ദേശീയപാത 49 എന്ന പേരിലായിരുന്നു. പിന്നീട് കൊച്ചി -ധനുഷ്കോടി ദേശീയപാത എന്ന് മാറ്റി നാമകരണം ചെയ്തതല്ലാതെ ദേശീയപാതയുടെ പൂർത്തീകരണം മാത്രം യാഥാർത്ഥ്യമായിട്ടില്ല.
* നിർദിഷ്ട ബൈപ്പാസ്
മറ്റക്കുഴി മുതൽ കുണ്ടന്നൂർ വരെ
ആകെ ഏറ്റെടുക്കേണ്ടത്: 34.058ഹെക്ടർ.
റോഡിന് വേണ്ടത്: 16.17 ഹെക്ടർ
ആകെ ഏറ്റെടുത്തത്: 4.4 3 ഹെക്ടർ
കുരുക്കഴിയാൻ വേണ്ടത് കുരീക്കാട് റെയിൽവേ മേൽപ്പാലം
ചോറ്റാനിക്കര - പുത്തൻകാവ് റോഡിൽ കുരീക്കാട് റെയിൽവേ മേൽപ്പാലത്തിന് തുക വകയിരുത്തി മൂന്നരവർഷം പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കൽ ഇഴയുന്നു. കഴിഞ്ഞമാസം പദ്ധതിയുടെ തറക്കല്ലിടിൽ ചടങ്ങ് പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചെങ്കിലും പദ്ധതിയുടെ പ്രാരംഭ നടപടികൾപോലും പൂർത്തീകരിച്ചിട്ടില്ല. പാലത്തിനും അപ്പ്രോച്ച് റോഡിനുമായി കുരീക്കാട് വില്ലേജിൽ 1.92 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. മേൽപ്പാലം യാഥാർത്ഥ്യമായാൽ തിരുവാങ്കുളം കരിങ്ങാച്ചിറ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് അഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ റെയിൽവേഗേറ്റ് അടക്കുമ്പോൾ ഒരു കിലോമീറ്ററോളം വാഹനങ്ങളുടെ നിര പതിവ് കാഴ്ചയാണ്.