കിഴക്കമ്പലം: ഓവർലോഡ് പരിശോധനയുടെ ഭാഗമായി ടോറസുകൾക്ക് അമിത തുക പിഴ ചുമത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി ഉടമകൾ. കഴിഞ്ഞ കുറെക്കാലമായി ടോറസുകളെ തെരഞ്ഞുപിടിച്ച് ഫൈനടിക്കുകയാണ്. മറ്റ് വാഹനങ്ങളിലെ ഓവർലോഡ് പരിശോധിക്കുന്നുപോലുമില്ല. നടപടി തുടർന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സർവീസ് നിറുത്തിവയ്ക്കുമെന്നും ഓൾ കേരള എർത്ത് മൂവേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ വിജിലൻസ് പരിശോധനയിൽ ടോറസുകളെ മാത്രമാണ് ലക്ഷ്യമിട്ടത്. ടോറസുകളെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി ഒഴിവാക്കണമെന്നും ഈ മേഖലയിൽ സ്വതന്ത്റമായി തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ.എം. മുഹമ്മദ്, സെക്രട്ടറി വി.പി. അബ്ദുൽ ജബ്ബാർ, ടി.കെ. അബ്ദുൽ അസീസ്, എബി കുഴിയാഞ്ഞാൽ, ജാഫർ, ബിനു പട്ടിമ​റ്റം എന്നിവർ സംസാരിച്ചു.