ആലുവ: ശ്രീനാരായണ ഗുരുദേവൻ സനാതന ധർമ്മങ്ങൾ എന്നുദ്ദേശിച്ചത് എല്ലാ മതങ്ങളിലുമുള്ള സനാതന മൂല്യങ്ങളെയാണെന്ന് നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ചെയർമാൻ പ്രൊഫ. മോഹൻ ഗോപാൽ പറഞ്ഞു.
ആലുവ അദ്വൈതാശ്രമത്തിൽ 101-ാമത് സർവമത സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണപരമ്പരയിൽ ശ്രീനാരായണ ധർമ്മവും സനാതനധർമ്മവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സനാതനധർമ്മം എന്നാൽ ചാതുർവർണ്യം എന്നെന്നും നിലനിൽക്കണമെന്ന ബ്രാഹ്മണ്യവാദമാണ്. എന്നാൽ ശ്രീനാരായണഗുരു സനാതന ധർമ്മങ്ങൾ എന്നാണ് പ്രയോഗിച്ചത്. എല്ലാ മതങ്ങളിലുമുള്ള സനാതന മൂല്യങ്ങളെയാണ് ഗുരു അതുകൊണ്ട് ഉദ്ദേശിച്ചത്.
ഭരണത്തിൽ ഏതാനും സമുദായങ്ങളുടെ മേധാവിത്വം നിലനിറുത്താനാണ് സനാതനധർമ്മികൾ ശ്രമിക്കുന്നത്. എല്ലാ മതങ്ങളേയും ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ എല്ലാവരും പഠിക്കണമെന്നും ആരെയും അപരന്മാരായി കാണരുതെന്നുമാണ് ശ്രീനാരായണ ഗുരുദേവൻ പഠിപ്പിച്ചത്. അതുപഠിച്ചാൽ ഇന്ന് ലോകത്ത് കാണുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാം. അപരത്വത്തിനെതിരെ പോരാടിയ പ്രവാചകനാണ് ഗുരുദേവൻ. അപരത്വം ഇല്ലാതെയാകണമെന്നും തന്നിൽനിന്നും അന്യനല്ല ഒരുമനുഷ്യനും എന്ന തത്വമാണ് ഗുരു പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ മാനവധർമ്മം കൂട്ടായ്മ സെക്രട്ടറി സുദേഷ് എം. രഘു സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കവി ശിവൻ മുപ്പത്തടം കവിത അവതരിപ്പിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, തമ്പി ചേലക്കാട് അഭയ്, ഹൻസ വിനീഷ് എന്നിവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് അഞ്ചിന് സംഘടനാ സമ്മേളനം
ഉദ്ഘാടനം: അരയാക്കണ്ടി സന്തോഷ്. അദ്ധ്യക്ഷൻ: ഡോ. എം.എൻ. സോമൻ. പ്രസംഗം: എ.എൻ. രാമചന്ദ്രൻ, കാഭാ സുരേന്ദ്രൻ, ടി.ആർ. മധു, ലാൽകുമാർ, കെ.ജി.പി പതി, എ.എൻ. വിപിനേന്ദ്രകുമാർ, ജയൻ, മധുശാന്തി.