
കൊച്ചി: വയനാട് ജില്ലയിലെ മനുഷ്യ - വന്യജീവി സംഘർഷം ചെറുക്കാൻ തയ്യാറാക്കിയ കർമ്മപദ്ധതി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശപ്രകാരമാണ് പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഹ്രസ്വകാല, ദീർഘകാല പദ്ധതികളുമായി സത്യവാങ്മൂലം സമർപ്പിച്ചത്. ഏതാനും ഹ്രസ്വകാല പദ്ധതികൾ നടപ്പാക്കിയെന്നും മറ്റുള്ളവ പുരോഗമിക്കുകയാണെന്നുമുള്ള സർക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയ കോടതി, ഇതിന്റെ നടത്തിപ്പ് അവലോകനം ചെയ്യുമെന്ന് വ്യക്തമാക്കി.
വന്യജീവി പ്രശ്നം ശമിക്കുംവരെ വനത്തിലെ ഇക്കോടൂറിസം കേന്ദ്രങ്ങൾ അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു. മാനന്തവാടിയിൽ കമാൻഡ് കൺട്രോൾ സെന്ററും ബവാലി ചെക്പോസ്റ്റിൽ ഫീൽഡ് കൺട്രോൾ റൂമും തുറന്നു. പനമരത്തോ കൽപറ്റയിലോ വാർറൂം സജ്ജമാക്കും.
കൽപറ്റയിലും ബത്തേരിയിലും റാപ്പിഡ് റെസ്പോൺസ് ടീമിനെ വിന്യസിച്ചു. 13 പട്രോളിംഗ് സംഘങ്ങളെ ഏർപ്പെടുത്തി.
ഇരകൾക്കുള്ള നഷ്ടപരിഹാര കുടിശിക വിതരണത്തിന് നടപടിയായി. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ കഴിയുന്നവർക്കും ചികിത്സാസഹായം ആലോചിക്കും.
തൊഴിലുറപ്പു സംഘത്തിന്റെ സഹായത്തോടെ സ്വകാര്യ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടും. വന്യജീവികൾ ഭക്ഷിക്കുന്ന സസ്യങ്ങൾക്ക് ദോഷകരമായ പടർപ്പുചെടികൾ നശിപ്പിക്കാൻ കർമ്മപദ്ധതി തയാറാക്കും. യൂക്കാലിപ്റ്റസ് തോട്ടങ്ങളിലും തരിശുകളിലും സ്വാഭാവിക വനം വളർത്താൻ നടപടി. വന്യജീവികളുടെ ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കും.
13ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വയനാട്, ഇടുക്കി ജില്ലകളിലെ വനമേഖലകളിൽ വന്യമൃഗങ്ങൾക്ക് വെള്ളം ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
250 നിരീക്ഷണ ക്യാമറകൾ
ഹ്രസ്വകാല പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ ജനവാസമേഖലകൾക്ക് സമീപം നാലുമാസത്തിനകം 250 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.
കാട്ടാനകളുടെ വരവ് മുൻകൂട്ടി അറിയാൻ വാട്സാപ്പ്, കമ്മ്യൂണിറ്റി റേഡിയോ സംവിധാനം നടപ്പാക്കി. ഡ്രോൺ നിരീക്ഷണത്തിന് മൂന്ന് മാസത്തിനകം നടപടി.
സി.സി.എഫ് വിജയനാഥനെ വയനാട്ടിൽ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ സേവനം ലഭ്യമാക്കി.
പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ മൂന്നു മാസത്തിനകം നടപടി.
ആനയെ തടയാൻ സ്മാർട്ട് വേലി
ദീർഘകാല പദ്ധതിയുടെ ഭാഗമായി, ജനവാസകേന്ദ്രങ്ങളിലേക്ക് ആനകളുടെ സഞ്ചാരം തടയാൻ സ്മാർട്ട് വേലികൾ പരിഗണിക്കും. നാബാർഡിന്റെയും കിഫ്ബിയുടേയും സഹായത്തോടെ രണ്ടുവർഷത്തിനകം തൂക്കുവേലികൾ, സോളാർ വേലികൾ, റോപ്‌വേ ഫെൻസ്, റെയിൽ ഫെൻസ് എന്നിവ സജ്ജമാക്കും. കുരങ്ങുശല്യം ചെറുക്കാൻ നടപടിയുണ്ടാകും.