മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയ കോൺഗ്രസുമായി ഒരുമിച്ച് നിൽക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുസ്ലിം ലീഗ് യോഗത്തിൽ തീരുമാനം. ഇതോടെ കോൺഗ്രസുകാരനായ വൈസ് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് ഇന്നു കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ ലീഗ് അംഗങ്ങൾ എന്തു നിലപാട് സ്വീകരിക്കുമെന്നതിൽ ആകാംക്ഷയേറി.

യു.ഡി.എഫിലെ മുൻധാരണപ്രകാരം

മുസ്ലിം ലീഗിന് പ്രസിഡന്റ് പദം ലഭിക്കേണ്ടിയിരുന്ന ജില്ലയിലെ ഏകപഞ്ചായത്താണ് പായിപ്ര. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലീഗ് നേതാവ് എം.എസ്.അലി പരാജയപ്പെട്ടു.

കോൺഗ്രസിലെ പി.എം. അസീസിന്റെ മുന്നണിമാറ്റവും മറ്റൊരു കോൺഗ്രസ് അംഗം നിസാമുദീന്റെ വോട്ട് അസാധുവായതും കാരണമാണ് ലീഗിന് പ്രസിഡന്റ് പദം നഷ്ടമായത്. ഈ സാഹചര്യത്തിൽ കോൺഗ്രസുമായി ഒത്തുപോകേണ്ടെന്നാണ് ലീഗിലെ ഭൂരിപക്ഷാഭിപ്രായം. പ്രശ്നത്തിൽ ഒത്തുതീർപ്പിന് ഇന്നലെ വിളിച്ചുചേർത്ത യോഗത്തിൽ

കോൺഗ്രസ് നേതാക്കൾക്കെതിരെ യൂത്ത് ലീഗ് രൂക്ഷവിമർശനമാണ് നടത്തിയത്. പായിപ്രയിൽ തത്കാലം വിട്ടുവീഴ്ചവേണ്ടെന്നും കോൺഗ്രസുമായി യോജിക്കേണ്ട സാഹചര്യമില്ലെന്നും യോഗത്തിനെത്തിയവർ തുറന്നടിച്ചു. പ്രവർത്തകരുടെ നിലപാടിനൊപ്പമാണ് തങ്ങളെന്ന് യോഗത്തിൽ പങ്കെടുത്ത സംസ്ഥാന,​ ജില്ലാ നേതാക്കളും പറഞ്ഞു. ഇതോടെ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച ചില നേതാക്കളും പഞ്ചായത്ത് അംഗവും വെട്ടിലാകുകയും ചെയ്തു. കോൺഗ്രസുമായുള്ള ബന്ധം ഉലഞ്ഞതോടെ കെ.പി.സി.സി നടത്തിയ യാത്രയിൽ നിന്ന് ലീഗ് നേതാക്കൾ വിട്ടുനിന്നിരുന്നു.