ആലുവ: ഹൃദയത്തിന്റെ ഇടത് അറയിലെ മൈട്രൽ വാൽവിന്റെ തകരാർ പരിഹരിക്കാൻ നൂതന വാൽവ് ക്ലിപ്പിംഗ് രീതിയുമായി രാജഗിരി ആശുപത്രി കാർഡിയോളജി വിഭാഗം. ഹൈക്കോടതി ജീവനക്കാരിയായ 34കാരിയിലാണ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാംദാസ് നായിക്കിന്റെ നേതൃത്വത്തിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് പകരം നൂതന ക്ലിപ്പിംഗ് വിജയകരമായി നടത്തിയത്.
ഇടയ്ക്കിടെ അനുഭവപ്പെടുന്ന വിട്ടുമാറാത്ത പനി, നടക്കുമ്പോൾ ശ്വാസതടസം എന്നീ ലക്ഷണങ്ങളോടുകൂടിയാണ് യുവതി ആശുപത്രിയിലെത്തിയത്. പരിശോധനയിൽ ഹൃദയത്തിലെ ഇടത് വശത്തെ മൈട്രൽ വാൽവിന് ലീക്കേജ് ഉള്ളതായി കണ്ടെത്തി. രക്തം ഹൃദയത്തിന്റെ മുകളിലെ അറയിലേക്കും ശ്വാസകോശത്തിലേക്കും തിരികെ ഒഴുകിയതാണ് ശ്വാസതടസത്തിന് ഇടയാക്കിയത്. തുടർന്ന് ലോക്കൽ അനസ്‌തേഷ്യ നൽകി തുടയിലേക്കുളള രക്തക്കുഴലിലൂടെ കത്തീറ്റർ കടത്തിവിട്ട് വാൽവിൽ ക്ലിപ്പ് ഘടിപ്പിച്ചു. ഹൃദയത്തിലെ ഇത്തരം തകരാറുകൾ സർജറിയിലൂടെ വാൽവ് മാറ്റിവെച്ച് പരിഹരിക്കുന്നതാണ് നിലവിലെ രീതി. ഇതിന് പകരമാണ് വളരെ ചെറിയ മുറിവിലൂടെയുള്ള അതിനൂതന ചികിത്സാ രീതി. രണ്ട് മണിക്കൂർ മാത്രം നീണ്ട വാൽവ് ക്ലിപ്പിംഗിലൂടെ രോഗിക്ക് പൂർണസൗഖ്യം നേടാൻ കഴിഞ്ഞെന്ന് ഡോ. രാംദാസ് നായിക് പറഞ്ഞു.
രണ്ട് ദിവസത്തിനുശേഷം ആശുപത്രി വിട്ട യുവതിക്ക് ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ജോലിയിൽ പ്രവേശിക്കാനും കഴിഞ്ഞു.
കാർഡിയോളജി വിഭാഗത്തിലെ ഡോ.സുരേഷ് ഡേവിസ്, ഡോ.ജേക്കബ് ജോർജ്, ഡോ.ബ്ലെസൻ വർഗീസ്, കാർഡിയാക് അനസ്‌തേഷ്യ വിഭാഗം ഡോ.മേരി സ്മിത തോമസ് എന്നിവർ ചികിത്സയിൽ പങ്കാളികളായി.