
കൊച്ചി: സമയം രാവിലെ 10. 23. രാജനഗരി താണ്ടി കൊച്ചി മെട്രോ ട്രെയിൻ ഗംഗ നഗരഹൃദയത്തിലേക്ക് കുതിച്ചു. ഇതോടെ വ്യവസായ നഗര വികസനത്തിന്റെ നാഴികകല്ലായ കൊച്ചി മെട്രോ നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി ഫ്‌ളാഗ്ഒഫ് ചെയ്തു. പിന്നാലെ ട്രെയിൻ പുറപ്പെട്ടു.
സംസ്ഥാന സർക്കാർ പ്രതിനിധിയായി മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, കെ. ബാബു എം.എൽ.എ, മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്റ, കെ.എം.ആർ.എൽ ആദ്യ എം.ഡി ടോം ജോസ് ഉൾപ്പെടെയുള്ളവർ ആദ്യ യാത്രികരായി. ഭിന്നശേഷിക്കാരായ 105 കുട്ടികളും ഒപ്പമുണ്ടായിരുന്നു.
മെട്രോ തൃപ്പൂണിത്തുറയിലേക്ക് എത്തുന്നതോടെ നഗരത്തിന്റെ ഗതാഗത സംവിധാനം കൂടുതൽ സുഗമമാകുമെന്ന് ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മെട്രോ റെയിൽ അസാദ്ധ്യമെന്ന് പറഞ്ഞിരുന്നവരുടെ മുന്നിലെ മറ്റൊരു ചുവടുവയ്പ്പാണ് ഒന്നാം ഘട്ടത്തിന്റെ വികസനമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. മെട്രോ ഡൽഹിയിലെപ്പോലെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഗതാഗത സംവിധാനമായി മാറട്ടെ എന്നും എം.പി ആശംസിച്ചു.
ഒന്നിലേറെ മുഖ്യമന്ത്രിമാരുടെയും വിവിധ സർക്കാരുകളുടെയും മറ്റ് ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയുമെല്ലാം കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിന്റെ പൂർത്തീകരണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ രമാ സന്തോഷ് എന്നിവരും സംസാരിച്ചു.
ഓഫറുണ്ടേ...
ആലുവ- തൃപ്പൂണിത്തുറ ടിക്കറ്റ് നിരക്ക് 75രൂപയാണ്. ഉദ്ഘാടന ഓഫറായി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് 60 ആക്കി.
രാജകീയ സ്റ്റേഷൻ...
സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നം
വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഡാൻസ് മ്യൂസിയം
എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ ടെർമിനൽ-1.16 കിലോമീറ്റർ- ഫേസ് 1ബി
1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം
ആലുവ- തൃപ്പൂണിത്തുറ- 25 സ്റ്റേഷനുകൾ
ദൈർഘ്യം- 28.125 കിലോമീറ്റർ