jadayu

കൊച്ചി: ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷ ഭദ്രമാക്കാനും ഭീഷണികൾ നേരിടാനും ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ നാവികത്താവളം തുറന്നു. ഐ.എൻ.എസ് ജടായു എന്ന് പേരിട്ട നാവികത്താവളം നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ സമർപ്പിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. കമാൻഡർ വിരാട് ബാഗേലാണ് താവളത്തിന്റെ തലവൻ.

സമുദ്രസുരക്ഷയിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലെ നിർണായകമായ നീക്കമാണ് ഐ.എൻ.എസ് ജടായു. ചൈനയിൽ നിന്നുള്ള ഭീഷണിയുടെയും മാലദ്വീപിലെ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് മിനിക്കോയ് നാവികത്താവളം അടിയന്തര പ്രാധാന്യത്തോടെ തയ്യാറാക്കിയത്. 1980 മുതൽ ഓഫീസർ ഇൻ ചാർജിന്റെ നേതൃത്വത്തിൽ ഓപ്പറേഷണൽ കമാൻഡ് മിനിക്കോയിയിൽ പ്രവർത്തിച്ചിരുന്നു. ഇത് വിപുലീകരിച്ചാണ് ഐ.എൻ.എസ് ജടായു സ്ഥാപിച്ചത്. ഐ.എൻ.എസ് ദ്വീപപ്രകാശ് എന്നപേരിൽ കവരത്തിയിൽ നാവികത്താവളം പ്രവർത്തിക്കുന്നുണ്ട്. ജടായുവും തുറന്നതോടെ ദ്വീപ് സമൂഹങ്ങളിലെ സുരക്ഷ വർദ്ധിക്കുമെന്ന് നാവികവൃത്തങ്ങൾ പറഞ്ഞു.

വാണിജ്യക്കപ്പലുകൾ ധാരാളമായി സഞ്ചരിക്കുന്ന ലക്ഷദ്വീപ് മേഖലകളിൽ സുരക്ഷ ഉറപ്പാക്കുകയും നാവികത്താവളത്തിന്റെ ലക്ഷ്യമാണ്. പടിഞ്ഞാറൻ അറബിക്കടലിലെ കടൽക്കൊള്ളക്കാരെ നേരിടുന്നതിനും ആയുധങ്ങളും രാസലഹരിവസ്തുക്കളും തടയുന്നതിനും കഴിയുന്ന സന്നാഹങ്ങൾ മിനിക്കോയിയിൽ ഒരുക്കിയിട്ടുണ്ട്.