
കൊച്ചി: കട്ടപ്പനയിലെ ദരിദ്രകുടുംബത്തിൽ ജനിച്ച്, സ്വാമി അമൃതചൈതന്യയെന്ന സ്വയംപ്രഖ്യാപിത ആൾദൈവമായി വളർന്നതും ഭൂമി തട്ടിപ്പിലും പീഡനക്കേസിലും കുടുങ്ങി ഇരുമ്പഴിക്കുള്ളിലായതും വരെയുള്ള സന്തോഷ് മാധവന്റെ ജീവിതം സിനിമാക്കഥയ്ക്ക് തുല്യം.
ഇരുപതേക്കർ സ്വദേശിയായ സന്തോഷിന്റെ വിദ്യാഭ്യാസം വള്ളക്കടവു സെന്റ് ആന്റണീസ് സ്‌കൂളിലും കട്ടപ്പന ഗവ. ഹൈസ്കൂളിലുമായിരുന്നു. പത്തിൽ തോറ്റതോടെ പഠനം നിറുത്തി, കട്ടപ്പനയിലെ ചെരിപ്പുകടയിൽ സെയിൽസ്‌മാനായി. ബന്ധുവിന്റെ സഹായത്താൽ എറണാകുളം കലൂരിലെ ക്ഷേത്രത്തിൽ പരികർമ്മിയായത് ജീവിതം മാറ്റി. ഏതാനും വർഷങ്ങൾക്ക് ശേഷം തൃപ്പൂണിത്തുറ തുരുത്തിയിലെ ക്ഷേത്രത്തിൽ മേൽശാന്തിയായി. ഇവിടെ വച്ചാണ് ജ്യോതിഷത്തിലൂടെ തട്ടിപ്പിലേക്ക് കടന്ന് ലക്ഷാധിപതിയായത്.
കട്ടപ്പനയിലെ അയൽവാസി പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ദാമ്പത്യം അധികം നീണ്ടില്ല. സന്തോഷിന്റ സ്വഭാവദൂഷ്യമായിരുന്നു കാരണം.
തുരുത്തി ക്ഷേത്രത്തിൽ നിന്ന് മുങ്ങിയ സന്തോഷ് മൂന്ന് വർഷത്തിന് ശേഷം അമൃതചൈതന്യയായാണ് കൊച്ചിയിൽ പൊങ്ങിയത്. പോണേക്കരയിൽ ശാന്തിതീരമെന്ന ആശ്രമം തുറന്നു. സുനാമി ദുരന്തം മുൻകൂട്ടി പ്രവചിച്ചെന്ന അവകാശവാദം പ്രചരിപ്പിച്ചതോടെ ആശ്രമത്തിലേക്ക് ആളൊഴുകി. നീട്ടിവളർത്തിയ മുടിയും തൂവെള്ള വസ്ത്രവും ചിരിക്കുന്ന മുഖത്തോടെയുള്ള പ്രഭാഷണങ്ങളും സിനിമാ താരങ്ങളെയടക്കം വീഴ്‌ത്തി.
ദുബായ് ബിസിനസ് നടത്തുന്ന തിരുവനന്തപുരം സ്വദേശിനി സെറഫിൻ എഡ്വിനിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന പരാതി പൊലീസിലെത്തിയതോടെ ശനിദശ തുടങ്ങി. ഹോട്ടൽ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അന്വേഷണത്തിൽ സന്തോഷ് മാധവന്റെ ആഡംബര ജീവിതവും ഭൂമി തട്ടിപ്പും പീഡനവുമെല്ലാം പുറത്തുവന്നു. നിർദ്ധന കുടുംബത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയും വാഗ്ദാനം ചെയ്തായിരുന്നു ചൂഷണം. 15ലേറെ കുട്ടികളെ ചൂഷണം ചെയ്‌തെങ്കിലും നാല് പേർ മാത്രമാണ് പരാതി നൽകിയത്. ഇതിൽ മൂന്ന് പേർ പിന്നീട് കൂറുമാറി. പീഡനം സന്തോഷ് മാധവൻ ക്യാമറയിൽ പകർത്തിയിരുന്നു.
2007ൽ പാലക്കാട് സ്വദേശിനിയുമായി നടന്ന അത്യാഡംബര വിവാഹത്തിൽ സിനിമാ താരങ്ങളടക്കം പങ്കെടുത്തു. മകന് ദൈവവിളിയുണ്ടായെന്നാണ് പരാതികൾ ഉയരുന്നതുവരെ മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. കൊച്ചിയിലും തൃശൂരും കോടികളുടെ ഭൂമിയും കെട്ടിടങ്ങളും ഇക്കാലയളവിൽ സന്തോഷ് മാധവൻ വാങ്ങിക്കൂട്ടിയിരുന്നു. അറസ്റ്റിലായിട്ടും വിവാദങ്ങൾ ഒഴിഞ്ഞില്ല. ജയിലിൽ സന്തോഷ് മാധവന് വി.ഐ.പി പരിഗണന ലഭിച്ചതും പൂജ നടത്തിയതും വിവാദമായി. ആയുധ കള്ളക്കടത്ത് കേസിൽ ഇന്റർപോൾ അന്വേഷിക്കുന്ന കുറ്റവാളി പട്ടികയിലും സന്തോഷ് മാധവന്റെ പേരുണ്ടായിരുന്നു.