ആലുവ: ശിവരാത്രി ആഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആലുവ മണപ്പുറത്തെ വ്യാപാരമേളയുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും നടത്തിപ്പ് ഉറപ്പാക്കിയ ഷാ എന്റർടെയ്‌ൻമെന്റ് ഗ്രൂപ്പ് അതിവേഗം ഒരുക്കങ്ങൾ നടത്തുന്നു.

മുൻ വർഷങ്ങളിലേതുപോലെ വ്യാപാരസ്റ്റാളുകളും വിനോദ പരിപാടികൾക്കുള്ള സംവിധാനങ്ങളും മുനിസിപ്പൽ ഓഫീസ്, പൊലീസ് സ്റ്റേഷൻ തുടങ്ങി വിവിധ വകുപ്പുകൾക്കായുള്ള സൗകര്യങ്ങളുമെല്ലാം ഒരുക്കുന്നത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ഫൺ വേൾഡ് സ്റ്റാളുകൾ പൊളിക്കുന്ന ഭാഗത്ത് ഷാ പുതിയ സ്റ്റാളുകൾ നിർമ്മിക്കുകയാണ്. ഒരു ഭാഗത്ത് ലോറിയിൽ നിർമ്മാണ സാമഗ്രികൾ ഇറക്കുമ്പോൾ മറുഭാഗത്ത് പൊളിച്ചവ ലോറിയിൽ കയറ്റുന്ന ജോലികളും പുരോഗമിക്കുന്നു. ഇന്നലെ വൈകിട്ടും ഫൺ വേൾഡിന്റെ സാധനസാമഗ്രികൾ മണപ്പുറത്ത് നിന്നും പൂർണമായി നീക്കിയിട്ടില്ല.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്നലെ ഉച്ചയ്ക്ക് 12 വരെ ഫൺ വേൾഡിന് നിർമ്മാണ സാമഗ്രികൾ പൊളിച്ചുനീക്കുന്നതിന് സമയം അനുവദിച്ചിരുന്നു. നിർമ്മാണം 90 ശതമാനവും പൂർത്തിയായ ഘട്ടത്തിലായിരുന്നു ഷാ ഗ്രൂപ്പിന് അനുകൂലമായി കോടതി വിധി ലഭിച്ചത്. ഇതേതുടർന്നാണ് ഫൺ വേൾഡിന്റെ നിർമ്മാണം പൊളിച്ച് നീക്കാൻ ഇന്നലെ ഉച്ചയ്ക്ക് 12വരെ സമയം അനുവദിച്ചത്.

1.17 കോടി രൂപയ്ക്ക് കരാർ എടുത്ത കമ്പനിയെ നിശ്ചിത സമയത്ത് പണം അടച്ചില്ലെന്ന പേരിൽ ഒഴിവാക്കിയശേഷം രണ്ടാം സ്ഥാനക്കാരായ ഫൺ വേൾഡിന് 50 ലക്ഷം രൂപ കുറവിൽ കരാർ നൽകിയ നഗരസഭ നടപടിക്കെതിരെയാണ് ഷാ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിൾ ബഞ്ച്

അനുകൂലമായി ഉത്തരവിട്ടെങ്കിലും ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. പിന്നീട് സുപ്രീംകോടതിയിൽ നിന്നാണ് ഷാ ഗ്രൂപ്പ് അനുകൂല ഉത്തരവ് നേടിയത്. ഇതിനെതിരെ ഫൺ വേൾഡ് സുപ്രീംകോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

മുൻ വർഷങ്ങളിലേതിനു സമാനമായി ആകർഷകവും മനോഹരവുമായ വിനോദപരിപാടികൾ നടക്കുമെന്ന് ഷാ ഗ്രൂപ്പ് പ്രതിനിധികൾ പറഞ്ഞു.