വരാപ്പുഴ: ദേശീയപാത 66 ആറുവരിപ്പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി ഗ്രാമീണ റോഡുകൾ കെട്ടിയടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിന് ഇരുഭാഗത്തേക്കും കടക്കാൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങുകയാണ് ജനം. മൂത്തംകുന്നം മുതൽ ഇടപ്പള്ളി വരെ 24 കിലോമീറ്റർ ദൂരമുള്ള പാതയുടെ ഇരുഭാഗത്തും നൂറുകണക്കിന് ഗ്രാമീണ റോഡുകൾ ഇതിനകം അടച്ചുകെട്ടിക്കഴിഞ്ഞു. ഇരു ഭാഗത്തുമുള്ളവർ ചുറ്റിക്കറങ്ങിയാണ് നിത്യോപയോഗ സാധനങ്ങൾ വാങ്ങിമടങ്ങുന്നത്.
ജനബാഹുല്യമുള്ള ഭാഗത്ത് പത്ത് മുതൽ പതിനാറടിയോളം ഉയരത്തിലാണ് പാത കടന്നുപോകുന്നത്. കൂനമ്മാവിൽ മൂന്നു ഹയർ സെക്കൻഡറി സ്കൂൾ, സെപ്ഷ്യൽ സ്കൂൾ, ഐ.ടി.ഐ. കോളേജ് എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്ത് പന്ത്രണ്ട് അടിയോളം ഉയരത്തിൽ മതിൽ കെട്ടിത്തിരിച്ചിട്ടുണ്ട്. പുതിയ പാത നിർമ്മാണം മൂലം ഗ്രാമീണ റോഡുകളിൽ നിന്ന് വരുന്നവർക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല.
വഴിയില്ലാതെ വലഞ്ഞ് ജനം
വഴിയില്ലാത്ത അവസ്ഥയിലാണ് സമീപവാസികളായ ജനങ്ങൾ. രോഗിയെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ കടമ്പകൾ ഏറെ കടക്കണം. അതേസമയം, പ്രാധാന്യം കുറഞ്ഞ മേഖലയിലൂടെ റോഡ് വളരെ താഴ്ന്നാണ് പോകുന്നത് . കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്നവർക്കും റോഡ് കെട്ടിയടച്ചത് പ്രശ്നം സൃഷ്ടിക്കുന്നു.
ആദ്യ അലൈൻമെന്റ് മാറ്റി
ദീർഘവീക്ഷണമില്ലാതെയാണ് റോഡിന്റെ അലൈൻമെന്റ് നിശ്ചയിച്ചതെന്ന് ആരോപണമുണ്ട്. നേരത്തെ ഒരു കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലം മാതൃകയിലാണ് റോഡ് വിഭാവനം ചെയ്തിരുന്നത്. റോഡിന് ഇരു ഭാഗത്തുള്ളവർക്കും ഏറെ പ്രയോജനകരം ആകുമായിരുന്നിത്. എന്നാൽ തീരുമാനത്തിൽ മാറ്റംവരുത്തി നിലവിലെ റോഡിൽ നിന്ന് 10-അടി മുതൽ 16- അടിവരെ ഉയർത്തി റോഡ് നിർമ്മിക്കുകയായിരുന്നു.
നടപടിയുണ്ടായില്ല
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ, എം പി എന്നിവർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടിയുണ്ടായില്ല. കൂനമ്മാവ് പള്ളിക്കടവ് റോഡുമായി ബന്ധപ്പെട്ട പള്ളിപ്പടി ഭാഗത്തു അടിപ്പാത നിർമ്മിച്ചാൽ മാത്രമേ യാത്രക്കാർക്ക് റോഡിന്റെ മറുഭാഗത്തേക്ക് കടക്കാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു.