shiyas
കോതമംഗലം കോടതി​യി​ൽ എറണാകുളം ഡി​.സി​.സി​. പ്രസി​ഡന്റ് മുഹമ്മദ് ഷി​യാസും മാത്യു കുഴൽനാടൻ എം.എൽ.എയും.

കൊച്ചി: എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അഴിക്കകത്താക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങൾ ഇന്നലെയും പാളി.കോതമംഗലത്തെ സംഘർഷത്തിനിടെ

''നിനക്കൊക്കെ ശമ്പളം കിട്ടിയോടാ തെണ്ടീ..."" എന്ന് ചോദിച്ചതിനും ഡിവൈ.എസ്.പി എ.ജെ. തോമസുമായി ഏറ്റുമുട്ടിയതിനും പ്രതികാരം ചെയ്യുന്നതുപോലെയായിരുന്നു അറസ്റ്റ് ശ്രമങ്ങൾ.

തുടരെ നാലു കേസുകളെടുത്തു, ഒരു വട്ടം അറസ്റ്റ് ചെയ്തു. കോതമംഗലം ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയും ഹൈക്കോടതി അറസ്റ്റ് വിലക്കുകയും ചെയ്തിട്ടും പൊലീസ് പിൻമാറിയിട്ടില്ല.

കാട്ടാന കൊലപ്പെടുത്തിയ കാഞ്ഞിരവേലി സ്വദേശി ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ യു.ഡി.എഫ് നടത്തിയ സമരത്തിന് നേതൃത്വം നൽകിയത് ഷിയാസും എം.എൽ.എമാരായ മാത്യു കുഴൽനാടനും എൽദോസ് കുന്നപ്പിള്ളിയുമായിരുന്നു. മൃതദേഹം മോർച്ചറിയിൽ നിന്ന് എടുക്കുന്നതിനെ ചെറുക്കാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് മുഹമ്മദ് ഷിയാസ് 'ശമ്പളം കിട്ടിയോടാ" എന്ന് ചോദിച്ചതും ഡിവൈ.എസ്.പിയെ തള്ളിമാറ്റിയതും.

എം.എൽ.എമാരുടെ ഉപവാസ സ്ഥലത്തിന് സമീപത്തുനിന്ന് തിങ്കളാഴ്ച രാത്രി 11.40ന് മഫ്ടി പൊലീസുകാർ ഷിയാസിനെ വട്ടംപിടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂറിലേറെ 'നഗരം ചുറ്റിയ' ശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. പുലർച്ചെ 2.30ന് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയപ്പോൾ ഇടക്കാല ജാമ്യം ലഭിച്ചു. ഗതാഗത തടസമുണ്ടാക്കിയതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമായിരുന്നു കേസ്. ഈ ജാമ്യം ഇന്നലെ രാവിലെ കോടതി സ്ഥിരപ്പെടുത്തിയതിന് പിന്നാലെ വൻ പൊലീസ് സംഘമെത്തി, പൊലീസ് വാഹനം ആക്രമിച്ച കേസിൽ അറസ്റ്റിനൊരുങ്ങി. കോടതിക്കുള്ളിലേക്ക് ഓടിക്കയറിയാണ് അറസ്റ്റ് ഒഴിവാക്കിയത്.

പിന്നാലെ മാത്യു കുഴൽനാടൻ വഴി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. മാർച്ച് 15വരെ ജസ്റ്റിസ് സി.എസ്. ഡയസ് അറസ്റ്റ് വിലക്കി. കോടതിക്ക് പുറത്ത് ഷിയാസിനെ കൊണ്ടുനിറുത്തി അറസ്റ്റ് ചെയ്യാൻ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. 'എടുത്തിരിക്കും' എന്നായിരുന്നു ഡിവൈ.എസ്.പിയുടെ മറുപടി. പിന്നാലെയാണ് ഡിവൈ. എസ്.പിയെ ആക്രമിച്ചെന്ന കേസുമായി അറസ്റ്റിന് വീണ്ടുമെത്തിയത്. ഈ കേസിലും കോതമംഗലം കോടതി വൈകിട്ട് ജാമ്യം അനുവദിച്ചെങ്കിലും പൊലീസ് അടങ്ങിയില്ല. പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്ന് വൈകിട്ട് നാലിന് കോതമംഗലം സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്.