
കൊച്ചി: വില്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ. എടവനക്കാട് സ്വദേശി മുഹമ്മദ് റോഷൻ (28), തൃശൂർ അത്താണി സ്വദേശിനി ശ്രുതി (24) എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. കറുകപ്പിള്ളിയിലെ ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്തി വരികയായിരുന്നു സുഹൃത്തുക്കളായ ഇരുവരും. 57ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
മുഹമ്മദ് റോഷനാണ് എം.ഡി.എം.എ എത്തിച്ചിരുന്നത്. നോർത്ത് പറവൂരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയിട്ടുള്ള മൊഴി. ഇവർക്ക് മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ചും ഇവരിൽനിന്ന് എം.ഡി.എം.എ വാങ്ങിയവരെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.