കൊച്ചി: എറണാകുളം മറൈൻ ഡ്രൈവ് അബ്ദുൾകലാം മാർഗിൽ വ്യായാമം ചെയ്യുന്നവർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ടയാൾ പൊലീസ് പിടിയിലായി. ഇയാളുടെ പേര് വിവരങ്ങൾ പൊലീസ് രാത്രിയും പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകിട്ടാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനും അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ എ.യു കിഷോറടക്കമുള്ളവർ അബ്ദുൾകലാം മാർഗിൽ വ്യായാമം ചെയ്യുകയായിരുന്നു. ഈ സമയത്താണ് യുവാവ് നായയെ അഴിച്ചുവിട്ടത്. നായ പരിഭ്രാന്തി പരത്തിയതോടെ ഇവിടെയുണ്ടായിരുന്നവർ ഭീതിയിലായി. തുടർന്ന് കിഷോർ എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.