കൊച്ചി: പത്ത് വർഷം മുമ്പ് ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ രണ്ടാം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഗിരീഷ്‌കുമാറിന്റെ റെക്കാർഡിന്റെ തിളക്കം. ഒരു വ്യക്തിയിൽ തന്നെ രണ്ടാമതും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതാണ് 'ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്‌സിന്റെ" അംഗീകാരം നേടിയത്. ഡൽഹിയിൽ നിന്നെത്തിയ പ്രതിനിധിയിൽ നിന്ന് ഗിരീഷ് അവാർഡ് ഏറ്റുവാങ്ങി.

ബാംഗ്ലൂർ വിപ്രോയിലെ ഐ.ടി. വിദഗ്ധനായ പാലക്കാട് സ്വദേശി ഗിരീഷ് കുമാർ മുപ്പത്തിയെട്ടാം വയസിലാണ് ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതി ആയിരുന്നു അസുഖം. ഹൃദയവാൽവിന് അണുബാധയുണ്ടായതിനു പിന്നാലെ 2014 മാർച്ച് 6ന് ഹൃദയസ്തംഭനം ഉണ്ടാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കെ-സോട്ടോ വഴി ഹദയം മാറ്റി വയ്ക്കൽ നടന്നു. ഇതിനിടെ രണ്ടു വട്ടം മറ്റ് ശസ്ത്രക്രിയകൾക്കും വിധേയനായി.

ഗിരീഷിന്റെ പുതുജീവിതത്തിന്റെ പത്താം വാർഷികം ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ ആഘോഷമാക്കി. ജോ. ഡയറക്ടർ ഫാ. റോജൻ നങ്ങേലിമാലിൽ, അസി. ഡയറക്ടർമാരായ ഫാ. ഷനു മുഞ്ഞേലി, ഫാ. ജെറ്റോ തോട്ടുങ്കൽ, ഫാ. ഡേവിസ് പടന്നക്കൽ, ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും ചടങ്ങിനെത്തിയിരുന്നു.