
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കുത്തേറ്റുമരിച്ച കേസിലെ കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമുൾപ്പെടെ നിർണായക രേഖകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കാണാതായി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ഡിസംബറിൽ രേഖകൾ നഷ്ടമായെന്ന വിവരം പുറത്തുവന്നത്.
എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണിവ. കാഷ്വാൽറ്റി രജിസ്റ്റർ, വൂണ്ട് സർട്ടിഫിക്കറ്റ്, സൈറ്റ് പ്ലാൻ തുടങ്ങിയവയും നഷ്ടമായി.
രേഖകൾ നഷ്ടമായ വിവരം ഡിസംബറിൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പകർപ്പുകൾ ലഭ്യമാണോയെന്നും ചോദിച്ചിരുന്നു. പകർപ്പ് ലഭ്യമാണോയെന്നറിയാൻ ഹൈക്കോടതി വിഷയം 18ന് പരിഗണിക്കുന്നുണ്ട്.
എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ 2018 ജൂലായ് 1ന് കൊലപ്പെടുത്തിയ കേസിൽ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.