u
സുകുമാർ ഘോഷ്

* സംഭവം പിറവം പേപ്പതിക്ക് സമീപം

ചോറ്റാനിക്കര: എടക്കാട്ടുവയൽ പഞ്ചായത്തിലെ പിറവം പേപ്പതിക്ക് സമീപം കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. കൊൽക്കത്ത സ്വദേശികളായ സുബ്രട്ടാ കിർട്ടാനിയ (35), ഗൗർ മണ്ഡൽ (29), സുകുമാർ ഘോഷ് (45) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.40 ഓടെയാണ് സംഭവം. റോഡിൽനിന്ന് 20അടി ഉയരത്തിലുള്ള പങ്കപ്പിള്ളി മലയിലെ മണ്ണ് മാറ്റി ബ്രദർ ഗ്രൂപ്പിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് അപകടം.

മണ്ണെടുത്ത സ്ഥലം ഇടിയാതിരിക്കാൻ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാൻ കമ്പികെട്ടുകയായിരുന്നു തൊഴിലാളികൾ.

20അടി ഉയരത്തിൽ നിന്നാണ് മണ്ണിടിഞ്ഞുവീണത്. 9 ജോലി​ക്കാരുണ്ടായി​രുന്നെങ്കി​ലും ബാക്കി​യുള്ളവർ ചായ കുടി​ക്കാൻ സമീപത്തെ ടെന്റി​ലേക്ക് പോയതി​നാൽ മൂന്നുപേർ മാത്രമാണ് അപകടത്തി​ൽപ്പെട്ടത്. മുളന്തുരുത്തി പൊലീസും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഏഴുമണിയോടെ മൂന്നു മൃതദേഹങ്ങളും പുറത്തെടുത്തു.

പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ കൊച്ചി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി എറണാകുളം ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പാടാക്കണം. ജില്ലാ കളക്ടറോടും മന്ത്രി റിപ്പോർട്ട് തേടി.