
ആലുവ: ചരിത്രപ്രസിദ്ധമായ ആലുവ മഹാശിവരാത്രി ആഘോഷിക്കാൻ ഇന്ന് ഭക്തലക്ഷങ്ങൾ പെരിയാർ തീരത്തേക്ക് ഒഴുകിയെത്തും. സംസ്ഥാനത്ത് ഏറ്റവുമധികം ഭക്തർ തർപ്പണത്തിനെത്തുന്നത് ആലുവയിലാണ്.
പെരിയാറിൽ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയിൽ അദ്വൈതാശ്രമത്തിലുമാണ് പ്രധാനമായും ബലിതർപ്പണം നടത്തുക. മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റുമാണ് സൗകര്യങ്ങളൊരുക്കുന്നത്. മണപ്പുറത്ത് 116 ബലിത്തറകളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി.
ശിവരാത്രി നാളിലെ ബലിത്തർപ്പണം ഇന്ന് അർദ്ധരാത്രി മുതൽ നാളെ ഉച്ചവരെയാണെങ്കിലും ദൂരെ ദിക്കുകളിൽ നിന്നെത്തുന്നവർക്കായി രാത്രി ഒമ്പത് മണിയോടെ തർപ്പണ ചടങ്ങുകൾ ആരംഭിക്കും. കുംഭമാസത്തിലെ കറുത്തവാവ് നാളെ വൈകിട്ട് 6.30 മുതൽ പത്താം തീയതി ഉച്ചയ്ക്ക് 2.30വരെയാണ്. ആയതിനാൽ ഇന്ന് രാത്രി ഒമ്പതിനാരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ പത്താം തീയതി ഉച്ചവരെയും തുടരും.
മണപ്പുറത്തെ ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. അദ്വൈതാശ്രമത്തിൽ ഒരേസമയം 2000 പേർക്ക് തർപ്പണം നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പരിപാടികൾക്ക് നേതൃത്വം നൽകും. ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ, സ്വാമി നാരായണ ഋഷി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
അദ്വൈതാശ്രമത്തിൽ ഇന്ന്
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് പ്രത്യേക പൂജകൾ നടക്കും. പുലർച്ചെ 5.30ന് മേൽശാന്തി പി.കെ. ജയന്തന്റെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും.
ആറിന് ശാന്തിഹവനം, ഉച്ചക്ക് 12.30ന് മഹാഗുരുപൂജ, വൈകിട്ട് 6.15ന് ദീപാരാധന, 7.30ന് സുദർശന ഹോമം എന്നിവ നടക്കും. രാത്രി ഒമ്പത് മുതൽ ബലിതർപ്പർപ്പണം ആരംഭിക്കും. നാളെ ഉച്ചവരെ ശിവരാത്രി ബലിതർപ്പമുണ്ടാകും. കുംഭമാസത്തിലെ കറുത്തവാവ് ദിവസമായ നാളെ വൈകിട്ട് 6.30 മുതൽ പത്താം തീയതി ഉച്ചക്ക് 2.30വരെയാണ്. ആയതിനാൽ ഇന്ന് രാത്രി ഒമ്പതിനാരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ പത്താം തീയതി ഉച്ചവരെയും നീളും.
ദാർശനിക സമ്മേളനം
സർവമത സമ്മേളന ശതാബ്ദിയോടനുബന്ധിച്ച് അദ്വൈതാശ്രമത്തിൽ ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന ദാർശനിക സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി എസ്. ശർമ്മ മുഖ്യപ്രഭാഷണം നടത്തും. സ്വാമി മുക്താനന്ദ, സിസ്റ്റർ റോസ്ലി വർഗീസ്, ചേന്ദമംഗലം പ്രതാപൻ, സ്വാമി സുരേശ്വരാനന്ദ, ബിന്ദു രതീഷ് എന്നിവർ സംസാരിക്കും.
മെഗാതിരുവാതിര
വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സർവമത സമ്മേളന ശേഷം 'ദേവാലയം', 'ഗുരു തിരിച്ചുവന്നപ്പോൾ' എന്ന രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടക്കും. തുടർന്ന് എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖാ വനിതാസംഘം അവതരിപ്പിക്കുന്ന മെഗാതിരുവാതിര, നൊച്ചിമ ഗുരുസ്മൃതി ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, രാത്രി 11ന് അനിൽ ഏകലവ്യ അവതരിപ്പിക്കുന്ന 'ഗസൽരാത്ത്' എന്നിവ അരങ്ങേറും.