g

തൊണ്ടിമുതൽ വിഴുങ്ങിക്കളയുന്നത് സാധാരണമാണ്. അതാണ് ഏറ്റവും ശക്തമായ തെളിവെന്ന് പ്രതികൾക്കറിയാം. ഇതേകാരണം കൊണ്ട് തന്നെ അത് വീണ്ടെടുക്കേണ്ടത് അന്വേഷണ സംഘത്തിനും പ്രസ്റ്റീജ് വിഷയമാണ്. വിഴുങ്ങിയ മുതൽ ഏതു വിധേനയും അവർ പുറത്തുചാടിക്കും. പൊലീസ് സ്റ്റേഷനുകളിൽ നിന്നും റവന്യു റിക്കവറി ഓഫീസുകളിൽ നിന്നും തൊണ്ടിമുതൽ കാണാതാകുന്ന വാർത്തകൾ പതിവാണ്. വിലപ്പെട്ട വസ്തുക്കൾ വേണ്ടപ്പെട്ടവർ തന്നെ അടിച്ചുമാറ്റിയ ശേഷം പകരം വ്യാജനെ വയ്ക്കുന്ന സംഭവങ്ങളുണ്ട്. അതേസമയം തൊണ്ടികൾ തിരിമറി ചെയ്യപ്പെടുന്നത് കോടതി ചെസ്റ്റുകളിലാണെങ്കിൽ സ്ഥിതി ഗുരുതരമാണ്. വിചാരണ നടപടികളെ അത് സാരമായി ബാധിക്കും. തൊണ്ടിയ്ക്കു പകരം കേസിന്റെ രേഖകൾ അപ്പാടെ അപ്രത്യക്ഷമായാലോ. സ്ഥിതി അതീവഗുരുതരമാകും. അത്തരമൊരു സ്ഥിതിവിശേഷമാണ് ഇപ്പോൾ അഭിമന്യു കൊലക്കേസിൽ ഉണ്ടായിരിക്കുന്നത്.

കോടതി

രേഖകൾ എവിടെ?

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ.നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമടക്കം നിർണായകമായ പതിനൊന്ന് രേഖകൾ കാണാതായെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് ഇവ അപ്രത്യക്ഷമായത്.
വൂണ്ട് സർട്ടിഫിക്കറ്റ്, കാഷ്വൽറ്റി രജിസ്റ്റർ തുടങ്ങിയവയും കാണാതായ രേഖകളിൽപ്പെടുന്നു. എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് പ്രവർത്തകൾ പ്രതികളായ അഭിമന്യു വധക്കേസിൽ ഈ മാസം 18ന് വിചാരണ തുടങ്ങേണ്ടതാണ്. എന്നാൽ തെളിവുകൾ അടങ്ങുന്ന രേഖകൾ വീണ്ടെടുക്കാനാകാത്ത വിധം നഷ്ടപ്പെട്ടുവെന്നതാണ് സൂചന. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ തുടർ നടപടികളുമായി നീങ്ങുന്ന എൻ.ഐ.എ. സംഘം, അഭിമന്യു വധക്കേസ് രേഖകൾ തിരക്കി കോടതിയിലെത്തിയപ്പോഴാണ് ഇവ കാണാനില്ലെന്നറിഞ്ഞത്. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ തന്നെ സെഷൻസ് കോടതി അധികൃതർ ഹൈക്കോടതിയെ വിവരം അറിയിച്ചിരുന്നു. പൊലീസിന്റെയും മറ്റും കൈവശമുള്ള പകർപ്പുകൾ വച്ച് രേഖകൾ പുനഃസൃഷ്ടിക്കാനാണ് ഹൈക്കോടതി ജില്ല ജഡ്ജിയ്ക്ക് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. ഇതിനുള്ള നടപടികൾ സെഷൻസ് കോടതിയിൽ തുടങ്ങി.
നഷ്ടപ്പെട്ട രേഖകളുടെ പകർപ്പുകൾ പ്രോസിക്യൂഷനിൽ നിന്നാണ് തേടിയിരിക്കുന്നത്. 2018 ജൂലായ് രണ്ടിന് പുലർച്ചെ 12.45നാണ് അഭിമന്യു കൊല്ലപ്പെടുന്നത്. കേസ് വിസ്താരം 2022ൽ തുടങ്ങേണ്ടതായിരുന്നു. എന്നാൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇതേ കോടതിയിൽ അപ്പോഴേക്കും തുടങ്ങിയതിനാൽ മാറ്റി വയ്ക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലും കോടതികൾ ചോർന്നുവെന്ന് ആരോപണമുണ്ടായിരുന്നു. തെളിവും തൊണ്ടിമുതലുമായ, ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി മറ്റാരോ പരിശോധിച്ചെന്ന ആരോപണത്തിൽ കോടതി തന്നെ അന്വേഷണം നടത്തുകയുണ്ടായി. ഇതിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

പ്രതികൾക്ക്

പ്രാപ്യമോ?

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കോടതിയുടെ ചില രേഖകൾ ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെടുത്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ കണ്ടെത്തിയത് രഹസ്യരേഖകളല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിഷയം തീ‌ർപ്പാക്കി. അപ്പോൾ പുതിയ പ്രശ്നം ഉയർന്നുവന്നു. ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ടാണിത്.

കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി ആരെങ്കിലും പരിശോധിച്ചോ എന്നാണ് സംശയമുയർന്നത്. മെമ്മറി കാ‌ർഡിൽ തിരിമറി ആരോപിച്ച് അതിജീവിത തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ വസ്തുതാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ജില്ലാ ജഡ്ജി അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഹർജിക്കാരിക്ക് ഇതിന്റെ പകർപ്പ് ലഭ്യമായിട്ടില്ല. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നടി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരിക്കുകയാണ്. റിപ്പോർട്ട് രഹസ്യരേഖയാണെന്നും പക‌ർപ്പ് ഹ‌ർജിക്കാരിക്ക് നൽകരുതെന്നുമുള്ള നടൻ ദിലീപിന്റെ ആവശ്യം കോടതി തള്ളി. ഇത് സിനിമാരംഗത്തെ സംഭവകഥയെങ്കിൽ, തിരക്കഥ പോലെ ഉദ്വേഗഭരിതമായ പഴയൊരു കേസ് ഒരു നിയമപാഠാവലി പോലെ നമുക്ക് മുന്നിലുണ്ട്.

മുൻ മന്ത്രിയുടെ

മറിമായം

മുൻ മന്ത്രി ആന്റണി രാജു പ്രതി ചേർക്കപ്പെട്ട കേസാണ് കേരള സമൂഹത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട തൊണ്ടിമുതൽ സംഭവം. സുപ്രീംകോടതി വരെ കയറിയ മൂന്നുപതിറ്റാണ്ടിനപ്പുറം നീണ്ട കേസ്. 1990ൽ അടിവസ്ത്രത്തിൽ സൂക്ഷിച്ച ലഹരിമരുന്നുമായി ഒരു ആസ്ട്രേലിയക്കാരൻ തിരുവനന്തപുരത്ത് പിടിയിലാകുന്നു. അടിവസ്ത്രമടക്കം പിന്നീട് കോടതിയിലേക്ക് കൈമാറി. പ്രതിയുടെ ചീപ്പ്, കണ്ണാടി തുടങ്ങി കേസുമായി ബന്ധമില്ലാത്തവ ബന്ധുക്കളെത്തി ഏറ്റുവാങ്ങിയിരുന്നു. പ്രതിഭാഗം ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു ഇതിന്നിടയിൽ പ്രധാന തൊണ്ടിയായ അടിവസ്ത്രം കൂടി ഒപ്പിട്ടു വാങ്ങിയെന്നാണ് പിന്നീട് കണ്ടെത്തിയത്. അപ്പോഴേക്കും വൈകിയിരുന്നു.

അടിവസ്ത്രത്തിന് രൂപമാറ്റം വരുത്തി, അന്വേഷണ സംഘത്തിന്റേത് കള്ളത്തെളിവാണെന്നു കാണിച്ച് പ്രതിയെ കേസിൽ നിന്ന് ഊരിക്കൊടുത്തു. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ സായിപ്പ് രാജ്യം വിടുകയും ചെയ്തു. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് ആന്റണി രാജുവിനെതിരേ പല അന്വേഷണങ്ങളും നിയമനടപടികളും പിന്നാലെ വന്നു. കേസ് 30 വർഷത്തിലധികമായി അദ്ദേഹത്തെ പിൻതുടരുന്നു.

ഏതായാലും തൊണ്ടിമുതൽ കൃത്രിമവും രേഖകൾ കാണാതാകുന്നതും നീതിന്യായ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്. അതുമൂലം അപരാധികൾ രക്ഷപ്പെട്ടേക്കും, വിചാരണ നീണ്ടു പോയേക്കും, നീതി അർഹിക്കുന്നവർക്ക് തോൽവിയും സംഭവിച്ചേക്കും. അതിനാൽ സുരക്ഷാ കാര്യങ്ങളിൽ നമ്മുടെ വിചാരണക്കോടതികളിൽ കൂടുതൽ കരുതലും സംവിധാനങ്ങളുമുണ്ടാകണം. ഒപ്പം കോടതി ജീവനക്കാരും പക്ഷപാതം കാട്ടാതെ ജാഗ്രത പാലിക്കണം.