
ശ്രീനാരായണ ഗുരുദേവ ശിഷ്യനായ നടരാജഗുരു, സർവമത സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടക്കുന്ന വേളയിൽ തനിക്കു ചുറ്റും കൂടിയവരോട് ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്: തന്റെ അഭിപ്രായമാണ് ഏറ്റവും വലിയ സത്യമെന്ന് ഉറപ്പിച്ചു പറയുന്നത് കേവലം അഹന്തയാലാണ്. ആനയെ കാണാൻ പോയ അന്ധരെപ്പോലെ തന്നെ ഓരോരുത്തരും പറയും, അവരുടെ മതമാണ് ഏറ്റവും നല്ലതെന്ന്. അതുകൊണ്ട് വൃഥാ ശബ്ദമുണ്ടാക്കി പോകാമെന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. ഒരു അഭിപ്രായം മാത്രം എന്നും നിലനിൽക്കുക എന്നത് പ്രകൃതിയുടെ വ്യവസ്ഥയ്ക്ക് ഒരിക്കലും അനുയോജ്യവുമല്ല.
ഇതറിയാതെയും മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളെ ഒട്ടും മാനിക്കാതെയും വെറും വാക്കുകൾ അംഗീകരിച്ചു കിട്ടുന്നതിനായി മനുഷ്യൻ ചേരിതിരിഞ്ഞ് പടവെട്ടുന്നു. പ്രസംഗങ്ങളുടെ ഉദ്ദേശ്യം പ്രതിപക്ഷ ധ്വംസനവും വിരോധവുമല്ല. അത് അറിയുവാനും അറിയിക്കുവാനും മാത്രമുള്ളതായിരിക്കണം. ഓരോ മനുഷ്യന്റെയും മതം അവനു സിദ്ധിച്ചിരിക്കുന്ന ആന്തരിക വിശ്വാസത്തിൽ രൂഢമൂലമായിട്ടുള്ളതാണ്. അത് ഓരോരുത്തരുടെയും പരിണാമ വികാസമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആ നിലയ്ക്കു നോക്കിയാൽ എത്ര മനുഷ്യരുണ്ടോ, അത്രയും മതങ്ങളുമുണ്ടെന്ന് പറയാം. രണ്ടുപേർക്ക് ഒരേ മതം തന്നെ ഉണ്ടായിരിക്കുക അസാദ്ധ്യമാണ്. എന്നാൽ ഒരു കാര്യത്തിൽ മതങ്ങളെല്ലാം യോജിക്കും. അതിന്റെ ഏറ്റവും മൗലികമായ ഉദ്ദേശ്യത്തെ – സത്യവും ധർമ്മവും എല്ലാ മതങ്ങളും അനുശാസിക്കുന്നു.
മനുഷ്യൻ എന്തിനാണ് വിശ്വാസത്തിന്റെ പേരിൽ അന്യോന്യം പൊരുതുന്നത്? അത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല. എല്ലാവരും ആത്മസുഖത്തിനായി മാത്രമാണ് സദാ ശ്രമിക്കുന്നതെന്നറിഞ്ഞ് അവരവരുടെ അകതാരടക്കി ശാന്തമായി കഴിയണം. മനുഷ്യർ വേഷത്തിൽ ഭിന്നതയുള്ളവരാണ്. ചിലർക്ക് താടി വയ്ക്കുന്നത് ഇഷ്ടമാണ്. മറ്റുചിലർ മുണ്ഡികളായി നടക്കുന്നു. വിവരമുള്ളവർ ഇതിന്റെ പേരിലൊന്നും ശണ്ഠ കൂടാറില്ല. ഭാഷകളിലും വ്യത്യാസമുണ്ട്. അതുകൊണ്ട് മനുഷ്യർ ഭിന്നജാതികളിൽപ്പെടുന്നു എന്ന് തെളിയുന്നില്ല. പിന്നെ എന്തിനാണ് മനുഷ്യർ ഭിന്നത വളർത്തി കലഹിക്കുന്നത്?പോരാട്ടങ്ങൾകൊണ്ട് നാശമേ ഉണ്ടാകൂ എന്ന് മനുഷ്യൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അത്രയും അറിഞ്ഞാൽ അവൻ സമാധാനമുള്ളവനായിത്തീരും.
സർവമത സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്താണെന്ന് ഈ വിവരിച്ചതിൽ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ. 1924 മാർച്ച് മൂന്ന്, നാല് തീയതികളിലായാണ് ശിവരാത്രി നാളിൽ ഗുരുദേവൻ ആലുവാ അദ്വൈതാശ്രമത്തിൽ വച്ച് സർവമത സമ്മേളനം നടത്തിയത്. ഗുരുദേവന് പ്രപഞ്ചത്തെ സംബന്ധിച്ചും സമൂഹത്തേയും വ്യക്തിയേയും കുറിച്ചും തികച്ചും സ്വതന്ത്രമായ ഒരു ദർശനമുണ്ടായിരുന്നു. ആ സത്യദർശനം ഗുരു തന്റെ അറുപതിലധികം വരുന്ന കൃതികളിലൂടെയും സന്ദേശങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വെളിപ്പെടുത്തിത്തന്നിട്ടുണ്ട്.
പൂർവാപര വൈരുദ്ധ്യങ്ങളൊന്നും കൂടാതെ തന്റെ ആദ്യ കൃതിയിലും (ശ്രീകൃഷ്ണ ദർശനം) ആദ്യ സന്ദേശത്തിലും (അരുവിപ്പുറം സന്ദേശം) എന്താണോ ഉള്ളടക്കി വച്ചിരിക്കുന്നത്, ആ മൗലികമായ വീക്ഷണത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെയാണ് സ:ശരീരനായ കാലമത്രയും ഗുരുദേവൻ ലോകത്തോട് സംവദിച്ചത്. എന്തായിരുന്നു ഗുരുദേവന്റെ സത്യദർശനം? ആത്മോപദേശശതകം 50-ാം പദ്യത്തിൽ ഇങ്ങനെ കാണാം:
നിലമൊടു നീരതുപോലെ കാറ്റു തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ
വുലകുമുയർന്നറിവായി മാറിടുന്നു.
പഞ്ചഭൂത നിർമ്മിതമായ ഈ പ്രപഞ്ചവും ഇതിലെ സകലചരാചരങ്ങളും എല്ലാം ഒന്നായി, ഒരൊറ്റ അറിവായി പ്രകാശിച്ചുനിൽക്കുന്നു! ഈ സത്യാനുഭൂതിയിൽ അമർന്നിരിക്കുന്ന ഒരു നിലയായിരുന്നു ഗുരുദേവന് എന്നും. ഗുരുവിന്റെ ഏകത്വ ദർശനമെന്നോ ഏകലോക മാനവ ദർശനമെന്നോ ഇതിനെ പറയാം. ഇതുതന്നെയാണ് ഗുരുവിന്റെ അദ്വൈതം. ഈ അദ്വൈതം മറ്റു പ്രമാണ ഗ്രന്ഥങ്ങളെയോ പ്രമാണ പുരുഷന്മാരെയോ ഉദ്ധരിച്ചു സമർത്ഥിക്കേണ്ട ഒന്നല്ല. (സ്വാനുഭവം പ്രമാണമാക്കിയ ശ്രീനാരായണഗുരു അതുകൊണ്ടുതന്നെ മറ്റൊരു ഗ്രന്ഥത്തിനും വ്യാഖ്യാനം ചമയ്ക്കുകയോ, തന്റെ നിലപാടുകളെ വാദപ്രതിവാദത്തിലൂടെ സമർത്ഥിക്കാൻ മുതിരുകയോ ചെയ്യുന്നില്ല). ഈശാവാസ്യോപനിഷത്തും തിരുക്കുറളിന്റെ ഏതാനും ഭാഗങ്ങളും മാത്രം ഗുരുദേവൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അത് വ്യാഖ്യാനമല്ല, പരിഭാഷയാണ്.
പ്രപഞ്ചത്തെ ഏകമായി കാണുവാനും മനുഷ്യവർഗ്ഗത്തെ ഒന്നായി ദർശിക്കുവാനും ഗുരുദേവനു കഴിഞ്ഞു. മതവീക്ഷണം ഗുരുദേവൻ ആത്മോപദേശ ശതകത്തിൽ വ്യക്തമാക്കുന്നുണ്ട്:
പല മതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്ന പോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം.
തുടർന്ന്, ഒരു മതം മറ്റൊരു മതത്തിൽ വിശ്വസിക്കുന്നവർക്ക് നിന്ദ്യമായി തോന്നാമെന്നും കുറവുള്ളതായി തോന്നാമെന്നും ലോകത്ത് എല്ലാ മതങ്ങളുടെയും രഹസ്യം ഒന്നുതന്നെയെന്ന് അറിയുംവരെ ഈ ഭ്രമം തുടരുമെന്നും മതങ്ങൾ തമ്മിൽ പോരാട്ടം നടത്തിയാൽ ഒന്നിന് ജയിക്കുക സാദ്ധ്യമല്ലെന്നും ഗുരു പറഞ്ഞുവയ്ക്കുന്നുണ്ട്. പ്രപഞ്ച കാരണമായ ആത്മാവിനെ അറിഞ്ഞ്, ആത്മാവിന്റെ ആനന്ദാനുഭവമാണ് എല്ലാ മതങ്ങളും അന്തിമ ലക്ഷ്യമായി കാണുന്നതെന്നും ആ അർത്ഥത്തിൽ ആത്മസുഖം എന്ന ഒരൊറ്റ മതം മാത്രമേ ഉള്ളൂവെന്നും തുടർന്ന് ഗുരു പറയുന്നു.
വേദങ്ങളിൽ പറഞ്ഞിരിക്കുന്നതിന്റെയും ഗുരുക്കന്മാർ പറഞ്ഞതിന്റെയും പൊരുളും മുനിമാർ മൊഴിഞ്ഞതും ഒന്നുതന്നെയെന്ന് അനുകമ്പാദശകത്തിലും ഗുരുദേവൻ സൂചിപ്പിക്കുന്നു. അനേകം സംഭാഷണങ്ങളിലൂടെയും അനുകമ്പാദശകം, ആത്മോപദേശശതകം തുടങ്ങിയ കൃതികളിലൂടെയും സർവമത സമ്മേളന സന്ദേശത്തിലൂടെയും ഗുരുദേവൻ മതസൗഹാർദ്ദത്തിനും മതസമന്വയത്തിനും ദാർശനികമായ ഒരടിത്തറ നിർമ്മിക്കുകയും പ്രായോഗിക തലത്തിൽ ഈ ആശയം ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കർമ്മപദ്ധതി നടപ്പിലാക്കുകയുമാണ് ചെയ്തത്.
പൊതുസമൂഹം ഇത് എത്രത്തോളം ഏറ്റെടുക്കുന്നുവോ അത്രത്തോളം നാം ലോകസമാധാനത്തിനു വേണ്ടി നിലകൊള്ളുന്നവരാകുന്നു. ഗുരു കാണിച്ചുതന്ന ഈ സത്യദർശനത്തിന്റെ മാതൃകയിൽ നിന്ന് അകലുന്തോറും നാം കലഹങ്ങളിലേക്കും സംഘർഷങ്ങളിലേക്കും മരണത്തിലേക്കും ഇരുട്ടിലേക്കും അടുത്തുകൊണ്ടിരിക്കുകയും നമ്മുടെ വരും തലമുറകളെ ഈ പാതയിലേക്ക് നയിക്കുകയുമായിരിക്കും ചെയ്യുക. കേരളത്തിലെ പോലും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും സാംസ്‌കാരിക നായകരും ഗുരുദേവന്റെ വെളിച്ചം വേണ്ടത്ര ഉൾക്കൊള്ളാൻ തയ്യാറാവുകയോ സർവമത സമ്മേളനത്തിന്റെ പ്രാധാന്യം ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രായോഗിക കർമ്മങ്ങൾ നടപ്പിലാക്കുകയോ കാര്യമായി ചെയ്തു കാണുന്നില്ല എന്നത് ഖേദകരമാണ്.