cristal

വനംവകുപ്പിന്റെ പരിശീലനം നേടിയ ബ്രിട്ടീഷ്‌കാരി

കൊച്ചി: വീട്ടിലോ പറമ്പിലോ പാമ്പിനെ കണ്ടാൽ ക്രിസ്റ്റൽ ഹർട്ട് സിംഗിനെ വിളിക്കാം. പിടിച്ച് സുരക്ഷിത കേന്ദ്രത്തിലാക്കും ഈ ബ്രിട്ടീഷുകാരി. പാമ്പിനെ പിടിക്കാൻ വനം വകുപ്പിന്റെ പരിശീലനം നേടിയ ഏക വിദേശിയാണ് ക്രിസ്റ്റൽ.

23 വർഷമായി സാമൂഹ്യപ്രവർത്തനവുമായി കൊച്ചിയിലുണ്ട്.

പഞ്ചാബ് സ്വദേശി രവി സിംഗിനെ വിവാഹം ചെയ്ത് ഇവിടെ സ്ഥിരതാമസമാണ്. മൂന്നു വർഷമായി പാമ്പുകളെ രക്ഷിക്കുന്നു.

നാട്ടിലെ റെഡ്‌ക്രോസിൽ സേവനത്തിന് ചെന്നപ്പോൾ ഏതെങ്കിലും വികസ്വര രാജ്യത്ത് ഒരുവർഷം പ്രവർത്തിക്കണമെന്ന് വ്യവസ്ഥ. അങ്ങനെ ഇന്ത്യയിലെത്തി. ആറുമാസം മുംബയിൽ തെരുവുകുട്ടികളുടെ പുനരധിവാസം. 2000ൽ കൊച്ചിയിലെത്തി. ഇവിടെ തെരുവുകുട്ടികൾ ഇല്ലാത്തതിനാൽ, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടികൾക്കായി സേവനം തുടങ്ങി. നൂറോളം കുട്ടികളെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചു. മൂന്നു തെരുവുനായ്ക്കളെയും ഒരു പൂച്ചയെയും ദത്തെടുത്തിട്ടുണ്ട്.
പിതാവ് ഇംഗ്ലിഷുകാരനും മാതാവ് സ്വിറ്റ്‌സർലൻഡുകാരിയുമാണ്. ക്രിസ്റ്റൽ ജനിച്ചത് ഇംഗ്ലണ്ടിലാണ്. ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് സ്വയം പഠനം തുടങ്ങി. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. മലയാളം വഴങ്ങിയിട്ടില്ല.'യൂണിവേഴ്‌സിറ്റി ഒഫ് ലൈഫ്' ആണു പാഠശാലയെന്നു വിശ്വസിക്കുന്നതിനാൽ മക്കളായ ഇശാനെയും (14) തേജിനെയും (11) സ്‌കൂളിൽ അയച്ചിട്ടില്ല. ഓപ്പൺ ലേണിംഗിലൂടെ അവർ ഇഷ്ടവിഷയങ്ങൾ പഠിക്കുന്നു.


സർഗാത്മക ചികിത്സ
പെയിന്റിംഗ്, സംഗീതം, നാടകം, സംസാരം തുടങ്ങിയവയിലൂടെ പിരിമുറുക്കം അവസാനിപ്പിക്കുന്ന ആർട്‌സ് തെറാപ്പിയുടെ പ്രചാരകയാണ് ക്രിസ്റ്റൽ. തുറന്നു സംസാരിച്ചാൽ ആശ്വാസം ലഭിക്കും. ഇതിനുള്ള കൂട്ടായ്മ സജീവമാണ്.

വിഷമില്ലെങ്കിൽ

വെറുതേവിടാം

വിഷമില്ലാത്ത പാമ്പിനെ വെറുതേ വിടണമെന്നാണ് ക്രിസ്റ്റലിന്റെ അഭിപ്രായം. എലികളുടെ ശല്യം ഒഴിവാകും.
പരിശീലനമില്ലാതെ പിടികൂടരുത്. ഓരോ ജില്ലയിലെയും റെസ്‌ക്യൂ വിദഗ്ധരുടെ വിവരങ്ങൾ സർക്കാരിന്റെ സർപ്പ ആപ്പിലുണ്ട്.
അണലിയാണ് അപകടകാരി. പ്രതീക്ഷിക്കാതെ ആക്രമിക്കും. വിഷം മാരകം.