mvd

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതിൽ ജില്ലയിലും പ്രതിഷേധം ശക്തം. ജില്ലയിലെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളും ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികളും പ്രതിഷേധിച്ചു.

കാക്കനാടുൾപ്പെടെയുള്ള വിവിധ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ വാക്കുതർക്കങ്ങളും നി​രാശാ പ്രകടനങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.

50 പേർക്കേ ഡ്രൈവിംഗ്ടെസ്റ്റ് നടത്താൻ പാടുള്ളു എന്ന മന്ത്രിതല തീരുമാനത്തിൽ എതിർപ്പ് ശക്തമാണ്. ഇതുവരെ ഇല്ലാതിരുന്ന നിയമങ്ങൾ ഉന്നയിച്ച് ടെസ്റ്റിനെത്തിയവരെ മനപ്പൂർവം തോല്പിക്കുന്നതായും പരാതി ഉയർന്നു. എല്ലാവർക്കും ടെസ്റ്റ് നടത്തി​യി​ല്ലെങ്കി​ൽ ടെസ്റ്റ് ബഹിഷ്കരിക്കുമെന്ന് ഡ്രൈവിംഗ് സ്കൂളുകാർ നിലപാടെടുത്തെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങി​യി​ല്ല. കാക്കനാട് മാത്രം 124 പേരാണ് ടെസ്റ്റിന് മുൻകൂട്ടി ബുക്ക് ചെയ്തെത്തിയത്. 50 പേരുടെ ലിസ്റ്റി​ലെ ആദ്യത്തെ 45 പേർക്കും വിദേശത്ത് പോകാനുള്ള 5 പേർക്കും ടെസ്റ്റ് നടത്തുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. 8 മണിക്ക് ആരംഭിക്കേണ്ടിയ ടെസ്റ്റ് അനി​ശ്ചി​തത്വത്തെ തുടർന്ന് നീണ്ടു. തൃക്കാക്കര പൊലീസുമെത്തി. 11 മണിയോടെ മന്ത്രിയുടെ തീരുമാനപ്രകാരം മുഴുവൻ പേർക്കും ടെസ്റ്റ് നടത്തി.

പ്രതിഷേധമാർച്ച്

സ്ലോട്ട് ബുക്ക് ചെയ്ത മുഴുവൻ പേർക്കും ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ആശാന്മാരും വിദ്യാർത്ഥികളും കാക്കനാട് പ്രതിഷേധമാർച്ച് നടത്തി. കാക്കനാട് ടെസ്റ്റ് ഗ്രൗണ്ട് മുതൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻവരെ നടത്തിയ മാർച്ചിൽ 124 വിദ്യാർത്ഥികൾ പങ്കെടുത്തു.

മനപ്പൂർവം പരാജയപ്പെടുത്തുന്നു

ഇതുവരെയില്ലാത്ത നിയമങ്ങൾ ചുമത്തി മനപ്പൂർവം പരാജയപ്പെടുത്തിയതായി വിദ്യാർത്ഥികൾ ആരോപി​ച്ചു. എച്ചിന് വെളിയിൽ വച്ച് കാർ ഒഫായാൽ മുമ്പ് തോല്പിക്കില്ലായിരുന്നു. നിലവിൽ തോൽക്കുന്നവർക്ക് അടുത്ത സ്ലോട്ട് ലഭിക്കാനും ബുദ്ധിമുട്ടാണ്. മേയ് നാലുവരെയുള്ള തീയതികളെല്ലാം ബുക്ക് ചെയ്തി​രി​ക്കുകയാണ്. അടുത്ത സ്ളോട്ട് ലഭി​ക്കുമ്പോഴേക്കും നിലവിലുള്ളവരുടെ ലേണേഴ്സ് ലൈസൻസിന്റെ കാലാവധി അവസാനിക്കും. ഇതിനുള്ള പണവും ടെസ്റ്റിനുള്ള പണവും അടച്ച് ഇനി വീണ്ടും ടെസ്റ്റിന് അഭിമുഖീകരിക്കുമ്പോൾ നിലവിലെ രീതികൾ മാറും.

പലരെയും ഉദ്യോഗസ്ഥർ മനപ്പൂർവം തോല്പിക്കുന്ന നിലപാടാണ് ഇന്നലെയുണ്ടായത്. ഏറ്റവും നല്ല രീതിയിലാണ് ടെസ്റ്റ് നടത്തുന്നതെന്ന് കാണിക്കുകയാണ് ഗതാഗതമന്ത്രിയുടെ ലക്ഷ്യം. ആദ്യം നല്ല ഗ്രൗണ്ട് ഒരുക്കിയിട്ട് വേണം പരിഷ്കാരം നടപ്പാക്കാൻ. അടുത്തദിവസവും ഇത് തുടർന്നാൽ പ്രതികരിക്കും.

ടി.പി. ബൈജു

സംസ്ഥാന പ്രസിഡന്റ്

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ യൂണിയൻ