പറവൂർ: ദേശീയപാത 66ൽ പണിയുന്ന മൂത്തകുന്നം കോട്ടപ്പുറം പാലത്തിന്റെ തൂണുകളുടെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന പരാതിയിൽ എൻ.എച്ച്.എ.ഐ അധികൃതർ പരിശോധന നടത്തി. ദേശീയപാത 66 പ്രോജക്ട് ഡയറക്ടറും ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധരും കരാർ കമ്പനി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. വഞ്ചിയിൽ പാലങ്ങളുടെ തൂണുകൾക്ക് സമീപമെത്തി പരിശോധിച്ചു. പാലത്തിന്റെ നിർമ്മിച്ച തൂണുകളുടെ കമ്പികൾ പുറത്തുകാണുന്നതായും കൈകൊണ്ട് തോണ്ടുമ്പോൾ കോൺക്രീറ്റ് ഇളകിപ്പോകുന്നതുമായുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗുരുതരമായ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് എൻ.എച്ച്.എ.ഐ അധികൃതരുടെ വിലയിരുത്തൽ. കളക്‌ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഹൈബി ഈഡൻ എം.പിയും ആവശ്യപ്പെട്ടിരുന്നു.