k-j-shine

കൊച്ചി: തീപ്പൊരി രാഷ്ട്രീയ പ്രസംഗമില്ലാതെ ടീച്ചർ കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കുന്നതുപോലെ രാഷ്ട്രീയം വിശദീകരിച്ചാണ് എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ.ഷൈൻ വോട്ടുറപ്പിക്കുന്നത്. പൊള്ളുന്ന ചൂടിലും വിശ്രമമില്ലാത്ത പ്രചാരണം. ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്ത് ടീച്ചർ ഇപ്പോൾ ഒരുപടി മുന്നിലാണ്. വനിത ക്ഷേമത്തിനാണു പ്രഥമ പരിഗണനയെന്നും കുടുംബമാണ് കരുത്തെന്നും കെ.ജെ.ഷൈൻ കേരളകൗമുദിയോടു പറഞ്ഞു.

?പ്രതിപക്ഷ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രചാരണത്തിൽ മുന്നേറനായത് ഗുണം ചെയ്യുമോ

എതിരാളികൾ ആരെന്നത് വിഷയമല്ല. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തി മുന്നോട്ടുപോവുകയാണ്. പ്രതിപക്ഷവും കേന്ദ്രസർക്കാരും പറയുന്നതല്ല ശരിയെന്ന് കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായില്ലേ. ജനങ്ങൾക്ക് ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയാം. മണ്ഡലം ഇടതു മുന്നണിക്ക് അനുകൂലമാകും. എറണാകുളത്ത് എൽ.ഡി.എഫ് ചരിത്രവിജയം നേടും.

ജനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നുള്ള പ്രതികരണങ്ങളിൽ പ്രതീക്ഷയുണ്ടോ

സ്ത്രീകളിൽ നിന്നു ലഭിക്കുന്ന സ്നേഹം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. മുന്നോട്ടുള്ള ഊർജവും ഇതുതന്നെ. വനിത ദിനത്തിൽ എടുത്തു പറയേണ്ടത് സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരാൻ ഏവരും തയ്യാറാകണമെന്നതാണ്. വനിത ക്ഷേമമാണ് പ്രഥമ പരിഗണന. പാർലമെന്റിൽ വനിതകളുടെ ശബ്ദമാകും.

?കുടുംബത്തിന്റെ പിന്തുണ

കുടുംബമാണ് സമൂഹത്തിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തയാക്കിയത്. രാഷ്ട്രീയത്തിൽ സജീവമായതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമയം മാറ്റിവയ്ക്കുന്നതൊന്നും പുതിയ കാര്യമല്ല. ഭർത്താവും മക്കളും പിന്തുണയുമായി ഒപ്പമുണ്ട്. കരുത്തായി പാർട്ടിയും.