
കൊച്ചി: സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റർ ചേർത്തലയിൽ ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തോടെ മാരിടൈം ഉപകരണങ്ങൾക്ക് ടെസ്റ്റിംഗ് ലാബും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
മാരിടൈം മേഖലയിലെ പങ്കാളികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി കപ്പൽശാലയിൽ അഞ്ചുവർഷത്തിനിടെ വരുന്ന വൻവികസന പദ്ധതികളുടെ പ്രയോജനം മേഖലയിലെ ചെറുകിട ഇടത്തരം സൂക്ഷ്‌മ വ്യവസായങ്ങൾ ഉപയോഗപ്പെടുത്തണം. സംസ്ഥാന വ്യവസായനയത്തിലെ 22 മുൻഗണനാ മേഖലയിൽ പെടുന്നതാണ് മാരിടൈം. മുഖ്യമന്ത്രിയുടെ നോർവെ സന്ദർശനത്തെ തുടർന്നാണ് പ്രത്യേക ക്ലസ്റ്റർ തുടങ്ങാൻ തീരുമാനിച്ചത്. ചേർത്തലയിൽ 15 ഏക്കർ സ്ഥലം കണ്ടെത്തി.
മാരിടൈം മെഷിനറി ഉപകരണങ്ങൾ ടെസ്റ്റിംഗിന് സംവിധാനം സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കെ.എസ്.ഐ.ഡി.സി സംഘം ബംഗളുരുവും വിശാഖപട്ടണവും സന്ദർശിക്കും. കപ്പൽശാല, മാരിടൈം സർവകലാശാല തുടങ്ങിയവയുമായി വ്യവസായവകുപ്പ് ചർച്ച നടത്തും. എൻജിനീയറിംഗ്, ഫിനാൻസ് മേഖലയിലെ പ്രൊഫഷണലുകൾക്ക് മാരിടൈം മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള നൈപുണ്യവികസനത്തിന് അസാപുമായി ചേർന്ന് കോഴ്സ് ആവിഷ്‌കരിക്കും.
കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, ജനറൽ മാനേജർമാരായ വർഗീസ് മാലാക്കാരൻ, ആർ. പ്രശാന്ത് എന്നിവരും പങ്കെടുത്തു.