ആലുവ: ഒരു പതിറ്റാണ്ടിലേറെയായി തുരുത്തിൽ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മേഖലകളിൽ സജീവസാന്നിദ്ധ്യമായ സമന്വയ ഗ്രാമവേദി പുതു മാതൃക തീർക്കുന്നു. ജീവകാരുണ്യ പ്രവർത്തനത്തിലടക്കം മുൻനിരയിലുള്ളസമന്വയ രണ്ട് ഡസനോളം സൗജന്യ മെഡിക്കൽ ക്യാമ്പുകളാണ് ഇതിനകം സംഘടിപ്പിച്ചത്. നാടിന്റെ സാഹിത്യശബ്ദമായ 'സമന്വയ ഗ്രാമപത്രം' പുസ്തകം മൂന്നു ലക്കങ്ങൾ പ്രസിദ്ധീകരിച്ചു.

ഗ്രാമവേദിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് തുരുത്ത് റെയിൽവേ നടപ്പാലം 2021ൽ നവീകരിച്ചത്. തുരുത്തിലെ കാലഹരണപ്പെട്ട കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനും പെരിയാറിന്റെ കൈവഴിയായ തൂമ്പാത്തോടിന്റെ പുനരുജ്ജീവനത്തിനും വഴിയൊരുക്കിയതും ഗ്രാമവേദിയുടെ ഇടപെടൽ തന്നെ.

കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കും സഹായമെത്തിക്കുന്നതിനും സമന്വയ ഗ്രാമവേദി മുന്നിട്ടിറങ്ങി.

2017ൽ സമന്വയ ഗ്രാമവേദിക്ക് കീഴിൽ തുടക്കം കുറിച്ച സമന്വയ സാന്ത്വനവേദി ജീവകാരുണ്യ പ്രവർത്തനത്തിന്റെ വേറിട്ട മുഖമായി മാറി. നാട്ടിലെ നിർധനരായ രോഗികൾക്ക് മരുന്നിനും ചികിത്സക്കുമായി പ്രതിമാസ സഹായം എത്തിക്കുന്ന പദ്ധതി ആറ് വർഷം പൂർത്തീകരിച്ചുകഴിഞ്ഞു. നിർധനരായ ഇരുനൂറോളം രോഗികൾക്ക് സാന്ത്വനം പകരാൻ പദ്ധതിക്ക് സാധിച്ചു. 10 ലക്ഷത്തോളം രൂപയുടെ സാന്ത്വന സഹായമാണ് പ്രതിമാസ പെൻഷനായി നൽകിയത്.

പി.ജി. സുനിൽകുമാർ പ്രസിഡന്റും എസ്. രാധാകൃഷ്ണൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്. ജെ.എം. നാസറാണ് സാന്ത്വനവേദി കൺവീനർ.