കൊച്ചി: രേഖകളില്ലാതെ കേരളത്തിൽ താമസിച്ചതിന് ജയിലിലായ കെനിയൻ യുവതി ഗർഭഛദ്രത്തിന് അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചു. നെട്ടൂരിലെ അപ്പാർട്ടുമെന്റിൽനിന്ന് ജനുവരി 12ന് പൊലീസ് അറസ്റ്റുചെയ്ത യുവതി വിയ്യൂർ ജയിലിലാണ്. ഗർഭിണിയാണെന്നറിഞ്ഞത് ഫ്രെബുവരിയിലാണ്. ഗർഭച്ഛിദ്രത്തിന് അനുമതിതേടി ഫെബ്രുവരി 24ന് ജയിൽസൂപ്രണ്ടിന് അപേക്ഷ നല്കിയെങ്കിലും കോടതിയുടെ ഉത്തരവുണ്ടെങ്കിലേ അനുവദിക്കാനാവൂ എന്നാണറിയിച്ചത്.
ഉദരത്തിലെ കൊഴുപ്പുനീക്കാൻ 2022ൽ ശസ്ത്രക്രിയ നടത്തിയതിനാൽ മൂന്നുവർഷം ഗർഭം ധരിക്കരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 11ന് ഹർജി വീണ്ടും പരിഗണിക്കും.
രേഖകളില്ലാതെ രണ്ട് കെനിയൻ യുവതികൾ താമസിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റുചെയ്തത്. വിശദ അന്വേഷണം ആവശ്യമുണ്ടെന്ന് വിലയിരുത്തി മജിസ്‌ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.