കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോലഞ്ചേരി ബ്ളോക്ക് ജംഗ്ഷനിൽ മണ്ണുമായി പോയ ടോറസ് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്. ലോറിയിലെ മണ്ണ് വീണ് സമീപത്തെ കെട്ടിടത്തിന് സാരമായ നാശനഷ്ടമുണ്ടായി.

തിങ്കളാഴ്ച ഉദ്ഘാടനം നടക്കാനിരുന്ന കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഓഫീസ് പൂർണമായും തകർന്നു.

ഇന്നലെ പുലർച്ചെ നാലോടെയാണ് അപകടം. ഇടപ്പള്ളി- കൊടുങ്ങല്ലൂർ ദേശീയപാത നിർമ്മാണത്തിനുള്ള മണ്ണുമായി പോയ കരാർ കമ്പനിയുടെ ടോറസാണ് അപകടത്തിൽപെട്ടത്. കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് ടോറസ് അപകടത്തിൽപ്പെട്ടതെന്ന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഡ്രൈവർ ചത്തീസ്ഗഡ് ബലരാംപുർ സ്വദേശി രാജേഷ് നിതമിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലോറിയിലെ മണ്ണ് വീണ് കോലഞ്ചേരി സ്വദേശിയായ മുണ്ടയിൽ ഷിബുവിന്റെ കെട്ടിടത്തിനാണ് കേടുപാടുകൾ സംഭവിച്ചത്. ഇവിടെ തുടങ്ങാനിരുന്ന ഫൈബർ ഡോറുകളുടെയും മ​റ്റും നിർമ്മാണ ഷോപ്പ് പൂർണമായും തകർന്നു.

ദേശീയപാത നിർമ്മാണത്തിനായി കരാർ കമ്പനിയുടെ നിരവധി വാഹനങ്ങളാണ് പിറവം, കുന്നത്തുനാട് ഭാഗത്ത് നിന്ന് മണ്ണുമായി പോകുന്നത്. ഇവയുടെ പെർമി​റ്റും പാസും സംശയകരമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അപകടത്തിൽപ്പെട്ട ലോറിയുടെ പന്ത്റണ്ട് ചക്രങ്ങളിൽ ആറെണ്ണത്തോളം തേഞ്ഞു തീർന്ന നിലയിലാണ്. പെട്ടെന്നുള്ള വളവിലെ ഓവർടേക്കിംഗിൽ റോഡിൽ നിന്ന് തെന്നിമാറിയതും അപകടകാരണമായിട്ടുണ്ട്.