കിഴക്കമ്പലം: റോഡ് നന്നായതോടെ ടോറസുകൾ പരാക്രമം തുടങ്ങി. ഇതോടെ അപകടങ്ങളും പെരുകി. ഒടുവിൽ കോലഞ്ചേരി ദേശീയപാതയിലാണ് ടോറസ് അപകടം നടന്നത്.

കഴിഞ്ഞ ദിവസം കടയിരുപ്പ് കരിമുഗൾ റോഡിൽ രണ്ട് കാറുകളും ബസുമാണ് ടോറസുകളുടെ അമിതവേഗംകാരണം അപകടത്തിൽപ്പെട്ടത്.

ദേശീയ പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആദ്യ ലെവൽ ടാറിംഗ് പൂർത്തിയാക്കിയ റോഡിൽ ലോറികൾ മരണപ്പാച്ചിലിലാണ്. പവർ സ്​റ്റിയറിംഗും എ.സി കാബിനും സൗണ്ട് സിസ്​റ്റവുമടക്കം ഘടിപ്പിച്ചാണ് ടോറസുകൾ പായുന്നത്.

വിലക്കുള്ള സമയത്തും റോഡിൽ ഭാരവാഹനങ്ങളുണ്ട്. രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ, ടോറസ് ലോറികൾക്ക് സർവീസിന് വിലക്കുണ്ട്. ഓരോ അപകടങ്ങൾ കഴിയുമ്പോഴും നാട്ടുകാർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തുമെന്നതിനാൽ രണ്ടു ദിവസം മര്യാദരാമന്മാരാവുന്ന ലോറി ഡ്രൈവർമാർ തൊട്ടടുത്ത ദിവസം വീണ്ടും പഴയ അഭ്യാസങ്ങൾ തുടങ്ങുമം. പൊലീസും, മോട്ടോർ വാഹനവകുപ്പും അമിത വേഗതയ്‌ക്കെതിരെ നടപടിയെടുക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം ചെയ്യുന്നില്ല.

കോലഞ്ചേരിയിൽ നടന്ന അപകടത്തിൽ ടിപ്പർ ഡ്രൈവർക്ക് സാരമായി പരിക്കേ​റ്റിരുന്നു. പുലർച്ചെ നടന്ന അപകടമായതിനാലും റോഡിൽ വാഹനങ്ങൾ കുറവായിരുന്നതുമാണ് ദുരന്തത്തിന്റെ കാഠിന്യം കുറച്ചത്.

അളവിൽ കവിഞ്ഞ ഭാരവും അമിത വേഗവും ഡ്രൈവർമാരുടെ പരിചയക്കുറവുമാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്. ഇരു ചക്രവാഹന യാത്രക്കാർക്കാണ് ഏറെ ദുരിതം.

ഷിബി കുര്യാക്കോസ്, പൊതുപ്രവർത്തകൻ, വടയമ്പാടി