തൃപ്പൂണിത്തുറ: വൈദ്യുതി ലൈനിൽ കുടുങ്ങിയ പ്രാവിന് പുതു ജീവനേകി കെ.എസ്.ഇ.ബി ജീവനക്കാർ. തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപമുള്ള ലൈനിൽ കുടുങ്ങിയ പ്രാവിനെയാണ് ലൈൻമാന്മാരായ ഷിബി ജോർജ്, മുരുകൻ, ഓവർസിയർ അനീഷ് എന്നിവർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.
ഓഫീസിൽ ലഭിച്ച പരാതിയെ തുടർന്ന് മൂവരും സുരക്ഷാ ഉപകരണങ്ങളുമായി ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മാർക്കറ്റ് റോഡിൽ എത്തിയത്. ഷിബി ജോർജ് ലാഡർ ഉപയോഗിച്ച് വൈദ്യുതി പോസ്റ്റിൽ കയറി. കാലിൽ ചുറ്റിപ്പിണഞ്ഞ ചരടുകളുമായി കൊടും ചൂടിൽ അവശയായി കമ്പിയിൽ തൂങ്ങിക്കിടന്ന പ്രാവിനെ എടുക്കാൻ ഏറെ സമയമെടുത്തു. ജീവൻ രക്ഷിച്ച് താഴെ എത്തിക്കുമ്പോൾ ലൈൻമാൻ മുരുഗപ്പൻ അതിന് വെള്ളം നൽകി. 4 മീറ്ററോളം നീളമുള്ള നൂൽ അഴിച്ചു മാറ്റാൻ ഏറെ സമയമെടുത്തു. ഏറെ അവശയായ പ്രാവിനെ തണലത്തു കുറച്ചു നേരം കിടത്തി. കുറച്ചു വെള്ളം ശരീരത്തിൽ തളിച്ചതോടെ പറന്നുപോയി.