മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തിലെ വാക്കത്തിപ്പാറയിൽ തേനീച്ച ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. വാക്കത്തിപ്പാറ സ്വദേശികളായ ലീല കുഞ്ഞ്, ഫിലോമിന ആന്റണി, വിജി സന്തോഷ്, സിന്ധു എൽദോസ്, ലീല ജെയിംസ്, ചന്ദ്രിക പരമേശ്വരൻ എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തണ്ണീർത്തടത്തിന് കുഴി എടുക്കുന്നതിനിടെ തേനീച്ചകൾ കൂട്ടമായെത്തി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പ്രദേശവാസികളുടെ സഹായത്തോടെ പോത്താനിക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. ആറുപേരെ വിദഗ്‌ദ്ധ ചികിത്സക്കായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.