കൊച്ചി: മൂവാറ്റുപുഴ സ്വദേശികളായ സുധീഷ്, അനിൽകുമാർ എന്നിവരുടെ 31.69ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണവിനിമയം തടയുന്ന നിയമപ്രകാരമാണ് നടപടി.
സുധീഷിനും അനിൽകുമാറിനുമെതിരെ മൂവാറ്റുപുഴ പൊലീസ് 2012ൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ അന്വേഷണവും നടപടിയും. ഇവരിൽനിന്ന് പണം കടമെടുത്ത ബാബു എന്നയാൾ ആത്മഹത്യചെയ്ത കേസിലായിരുന്നു അന്വേഷണം. ഇവരുടെ ഇടപാടുകളും പീഡനങ്ങളും ആത്മഹത്യാക്കുറിപ്പിൽ വിവരിച്ചിരുന്നു.
പണം പലിശയ്ക്ക് കൊടുക്കലും കള്ളപ്പണം കൈകാര്യം ചെയ്യലുമുൾപ്പെടെ നിരവധി നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിരുന്നതായി ഇ.ഡി കണ്ടെത്തി. വൻപലിശ ഈടാക്കിയാണ് ബാബുവിന് പണം നൽകിയതെന്നും കണ്ടെത്തിയാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.