കോലഞ്ചേരി: കടുത്ത വേനലിൽ കോലഞ്ചേരി മേഖലയിൽ തീപിടിത്തം തുടരുന്നു. ഇന്നലെ ഒന്നിലധികം ഇടങ്ങളിൽ തീപിടിത്തമുണ്ടായി.

പത്താം മൈൽ വടയമ്പാടിക്ക് സമീപം ഒരേക്കർ വരുന്ന മൈതാനത്തിലെ ഉണങ്ങിയ പുല്ലിനും കാടുകൾക്കും തീപിടിച്ചു. റബർ വെട്ടിമാറ്റിയ ഭാഗത്തെ കരിയിലകൾക്ക് തീയിട്ടപ്പോൾ പടരുകയായിരുന്നു. ഇടച്ചിറ ശാന്തി ഫ്‌ളാറ്റിന് സമീപം മൈതാനത്തെ അടിക്കാടിനും മാലിന്യത്തിനും ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ തീപിടിച്ചു. സമയോചിതമായി തീ അണച്ചതിനാൽ സമീപ ഫ്ളാറ്റുകളിലേയ്ക്കും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേയ്ക്കും പടർന്നില്ല. മേഖലയിൽ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതാണ് തീപിടിത്തത്തിന് കാരണം. ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.