ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് എത്തുന്ന തീർത്ഥാടകർക്ക് ആലുവയിൽ പൊതുമരാമത്ത് വകുപ്പ് വക അപകടക്കെണി. അതും സ്‌പെഷ്യൽ സർവീസ് മുഖേന പതിനായിരങ്ങൾ എത്തുന്ന ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ.

റോഡരികിൽ അരകിലോമീറ്റർ നീളത്തിൽ തുറന്ന കാനയാണ് തീർത്ഥാടകരെയും വഴിയാത്രക്കാരെയും വലയ്ക്കുന്നത്. കാനയ്ക്ക് ഇരുവശവും ചരടുകെട്ടിത്തിരിച്ചതാണ് തീർത്ഥാടകരുടെ സുരക്ഷയ്ക്കായി പി.ഡബ്ല്യു.ഡി കൈക്കൊണ്ട ഏക നടപടി.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ദീർഘവീക്ഷണമില്ലാത്ത നടപടികളാണ് ഇത്തരം സാഹചര്യമൊരുക്കിയതെന്നാണ് ആക്ഷേപം. ശിവരാത്രി ആഘോഷങ്ങളെ കുറിച്ച് അറിയാത്ത ഉദ്യോഗസ്ഥരാണോ പൊതുമരാമത്ത് വകുപ്പ് ഭരിക്കുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു. കാന നിർമ്മാണം പൂർത്തീകരിക്കാനായില്ലെങ്കിൽ എന്തിന് സ്‌ളാബ് നീക്കിയതെന്നും അവർ ചോദിച്ചു.

റെയിൽവേ സ്റ്റേഷൻ മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെ തുറന്ന കാന നീണ്ടുകിടക്കുന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടും. വീതിയില്ലാത്ത നടപ്പാതയും റോഡും ആയതിനാൽ എപ്പോഴും ഗതാഗതക്കുരുക്കുള്ള മേഖലയാണ് റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ. റെയിൽവേ സ്റ്റേഷനിലേക്ക് വാഹനങ്ങൾ കയറുന്നതും പുറത്തേക്കിറങ്ങുന്നതും ജംഗ്ഷനിൽ നിന്നാണ്. വാഹനങ്ങൾ യു ടേൺ എടുക്കുന്നതും ഇവിടെത്തന്നെ.

കാന പൊളിച്ചിട്ടതിനാൽ ഈ മേഖലയിലെ ഹോട്ടലുകൾ പലതും അടച്ചിടേണ്ടി വന്നു. അതോടെ ഹോട്ടലുകാരുടെ ശിവരാത്രി കച്ചവടവും പൂട്ടി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനോട് ചേർന്ന് ഏതാനും സ്ലാബുകൾ വച്ചിട്ടുണ്ടെങ്കിലും നിർമ്മാണം പൂർത്തിയായിട്ടില്ല. നിർമ്മാണം പൂർത്തിയായ കാനയിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കിവിടുന്നതായും പരാതിയുണ്ട്.