ആലുവ: ശിവരാത്രി മണപ്പുറത്തെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന. ബലിത്തറ, കൺട്രോൾ റൂം, ക്ഷേത്രപരിസരം, പെരിയാറിന്റെ തീരം, വാച്ച് ടവർ, പാർക്കിംഗ് ഏരിയ, വ്യാപാരമേള, നടപ്പാലം, നടപ്പന്തൽ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഡിവൈ.എസ്.പി.മാരായ എ. പ്രസാദ്, വി.എസ്. നവാസ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ 1200 ഓളം പൊലീസുകാരെയാണ്ണ് ശിവരാത്രി നാളിൽ മണപ്പുറത്ത് വിന്യസിച്ചിട്ടുള്ളത്.കൺട്രോൾ റൂം നമ്പർ: 0484 2602800.
തീവണ്ടികൾക്ക് പ്രത്യേകം സ്റ്റോപ്പുകൾ
ശിവരാത്രി പ്രമാണിച്ച് ആലുവയിലേക്ക് തീവണ്ടികൾ നീട്ടി. ഷൊർണൂർ ജംഗ്ഷൻ തൃശൂർ എക്‌സ്പ്രസിന് (06461) ഒല്ലൂർ, പുതുക്കാട്, നെല്ലായി, ഇരിങ്ങാലക്കുട, ഡിവൈൻ നഗർ, കൊരട്ടി അങ്ങാടി, ചൊവ്വര എന്നിവിടങ്ങളിൽ താത്കാലിക സ്റ്റോപ്പുകൾ ഉണ്ടാകും. നാളെ രാത്രി 11.15ന് തൃശൂരിൽ നിന്ന് ട്രെയിൻ പുറപ്പെടും. പുലർച്ചെ 12.45ന് ആലുവയിലെത്തും. നിലമ്പൂർ കോട്ടയം എക്‌സ്പ്രസിന് (16325) മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. തൃശൂരിൽ നിന്ന് പുറപ്പെടേണ്ട കണ്ണൂർ എക്‌സ്പ്രസ് (166069) പുലർച്ചെ 5.05ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. ചൊവ്വര, അങ്കമാലി, കറുകുറ്റി, കൊരട്ടി അങ്ങാടി, നെല്ലായി, ഒല്ലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ബലിതർപ്പണത്തിനെത്തുന്നവരെ സഹായിക്കുന്നതിന് ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കും ഒരുക്കും.