ആലുവ: എല്ലാ മതങ്ങളും സംഘടിതരാകാൻ ശ്രീനാരായണ ഗുരുദേവന്റെ സഹായം തേടിയിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ ബോദ്ധ്യമാകുമെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു.
101-ാമത് സർവമത സമ്മേളനത്തിന്റെ ഭാഗമായി അദ്വൈതാശ്രമത്തിൽ നടന്ന പ്രഭാഷണപരമ്പരയുടെ ഏഴാംദിവസം സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യങ്കാളിയും മന്നത്ത് പദ്മനാഭനുമെല്ലാം എസ്.എൻ.ഡി.പി യോഗം പോലുള്ള സംഘടനയുണ്ടാക്കാൻ ഗുരുവിന്റെ സഹായം തേടിയിട്ടുണ്ട്. ഗുരുവിനെ സാമൂഹ്യ പരിഷ്കർത്താവായും നവോത്ഥാന നായകനുമായാണ് ചിലർ കാണുന്നത്. ഇത് ഗുരുവിന്റെ പ്രവർത്തന മണ്ഡലത്തിലെ ഒരുശതമാനം മാത്രമാണ്. അതിനും എത്രയോ ആഴത്തിലുള്ളതായിരുന്നു ഗുരുവിന്റെ വീക്ഷണം. മനുഷ്യന്റെ സ്നേഹവും കരുണയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ അതത് മതസംഘടനകൾക്ക് കഴിയണമെന്നാണ് ഗുരു ആഗ്രഹിച്ചത്. ഗുരുവിന്റെ മഹിമ ലോകത്താകമാനം വളർന്നുവരികയാണ്. വിദേശികൾപോലും ഗുരുവിനെക്കുറിച്ച് നമ്മളേക്കാൾ ആഴത്തിൽ മനസിലാക്കി. മലയാളികൾ അത്രയും പഠിച്ചിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആമുഖപ്രഭാഷണം നടത്തി. കുരുക്ഷേത്ര ബുക്സ് മാനേജിംഗ് ഡയറക്ടർ കാ.ഭാ. സുരേന്ദ്രൻ, വി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ടി.ആർ. മധു, കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി ലാൽകുമാർ, ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.ജി.വി പതി എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സ്വാഗതവും ജയൻ നന്ദിയും പറഞ്ഞു.