
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ ഹൈക്കോടതി ജഡ്ജിമാർ നേരിട്ടെത്തി വിലയിരുത്തി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരാണ് പ്ലാന്റ് സന്ദർശിച്ചത്. നിലവിലെ മാലിന്യ പ്ലാന്റ്, നിർമ്മാണത്തിലിരിക്കുന്ന ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ്, ഉൾഭാഗത്തേക്കുള്ള റോഡുകൾ, അഗ്നിരക്ഷാ സംവിധാനങ്ങൾ, ഇവയെല്ലാം വിലയിരുത്തി.
രണ്ട് മണിക്കൂറോളം പ്ലാന്റിൽ ചെലവഴിച്ച ജഡ്ജിമാർ ഉദ്യോഗസ്ഥരോട് പ്രവർത്തനങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ഇനിയൊരു തീപിടിത്ത സാഹചര്യമുണ്ടായാൽ അതിനെ നേരിടാൻ എത്രത്തോളം സജ്ജമാണ് പ്ലാന്റിലെ സംവിധാനങ്ങളെന്നും അവർ പരിശോധിച്ചു.
തദ്ദേശ വുകപ്പ് സ്പെഷ്യൽ സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ചെൽസ സിനി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ്, വടവുകോട് പുത്തൻകുരിശ് ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, അമിക്കസ് ക്യൂറിമാരായ അഡ്വ.എസ്. വിഷ്ണു, അഡ്വ. പൂജ മേനോൻ, അഡ്വ.ടി.വി. വിനു, തദ്ദേശസ്വയംഭരണം, ഫയർ, പൊലീസ്, കെ.എസ്.ഇ.ബി, ബി.പി.സി.എൽ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ജഡ്ജിമാർക്കൊപ്പമുണ്ടായിരുന്നു.