കൊച്ചി: പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളിക്കുസമീപം ബൈക്ക് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇടപ്പള്ളി അജിനോറ ഐ.ഇ.എൽ.ടി.എസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായ അടിമാലി പുല്ലൻവീട്ടിൽ മാത്യുവിന്റെ മകൻ ജെറി മാത്യു (22), ആനവിരട്ടി കീരിക്കാട്ടിൽവീട്ടിൽ മാത്യുവിന്റെ മകൻ എൽദോസ് മാത്യു (22) എന്നിവരാണ് മരിച്ചത്. ജെറി അടിമാലി കാർമൽഗിരി കോളേജ് മുൻ ചെയർമാനായിരുന്നു.
ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. കലൂരിൽനിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെ യുവാക്കൾ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് മെട്രോയുടെ 535-നമ്പർ പില്ലറിൽ ഇടിച്ച് മറിയുകയായിരുന്നു. ജെറിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അമിതവേഗമാണ് അപകടത്തിന് വഴിവച്ചതെന്നാണ് പൊലീസ് നിഗമനം. ജെറിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അടിമാലി സെന്റ് ജൂഡ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. പിതാവ്: പരേതനായ മാത്യു. മാതാവ്: മോളി. സഹോദരങ്ങൾ: സിറിൾ (യു.കെ), ടോം (യു.കെ).
എൽദോസിന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് കൂമ്പൻപാറ സെന്റ് ജോർജ് യാക്കോബായപള്ളി സെമിത്തേരിയിൽ. പിതാവ്: മാത്യു. മാതാവ്: സോളി. സഹോദരങ്ങൾ: ബീന മാത്യു, ബേസിൽ മാത്യു.