ആലുവ: സാമൂഹ്യനീതിക്കായി എക്കാലവും വീറോടെ വാദിച്ച പത്രമാണ് 'കേരളകൗമുദി'യെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അദ്വൈതാശ്രമത്തിൽ ശിവരാത്രിയോടനുബന്ധിച്ച് തുറന്ന കേരളകൗമുദി ഇൻഫർമേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
സാമൂഹികനീതി എല്ലാ സമുദായങ്ങൾക്കും സമൂഹത്തിനും ഒരുപോലെ ലഭിക്കുന്നതിനാണ് കേരളകൗമുദി തൂലിക ചലിപ്പിച്ചത്. ഗുരുദേവ ദർശനത്തിലൂന്നി സാമൂഹ്യപ്രതിബദ്ധതയോടെയാണ് ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരായിരുന്ന സ്ഥാപകൻ സി.വി. കുഞ്ഞിരാമനും പത്രാധിപർ കെ. സുകുമാരനും കേരളകൗമുദിയെ നയിച്ചത്. പത്രത്തിന്റെ അടിസ്ഥാനമുദ്രാവാക്യം 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്നതാണ്. പൂർവികരുടെ കർത്തവ്യനിഷ്ഠ നാലാംതലമുറയും മാറ്റമില്ലാതെ തുടരുകയാണ്. ഗുരുദേവ സന്ദേശ പ്രചാരണത്തിൽ കേരളകൗമുദിയോടൊപ്പം മുഴുവൻ ശ്രീനാരായണീയരും ഭാഗഭാക്കാകണമെന്നും സ്വാമി അഭ്യർത്ഥിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റ് സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ അദ്ധ്യക്ഷത വഹിച്ചു. 101-ാമത് സർവമതസമ്മേളന സപ്ളിമെന്റ് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയ്ക്ക് നൽകി സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തു.
സ്വാമി വിശ്രുതാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമിനി ചിത് വിലാസിനി, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ഗുരുധർമ്മ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് എൻ.കെ. ബൈജു, സെക്രട്ടറി എം.ബി. രാജൻ, കേന്ദ്രസമിതിഅംഗം ഗിരിജ ചെറായി, ശശി തൂമ്പായിൽ, കേരളകൗമുദി പരസ്യവിഭാഗം മാനേജർ സുഭിലാഷ്, ലൈല സുകുമാരൻ എന്നിവർ പങ്കെടുത്തു. ലേഖകൻ കെ.സി. സ്മിജൻ സ്വാഗതവും അസി. പരസ്യ മാനേജർ വേണുഗോപാൽ നന്ദിയും പറഞ്ഞു.