
സ്ഥാനാർത്ഥിയാരെന്നറിയാതെ ബി.ജെ.പി
 പ്രഖ്യാപനത്തിനു മുന്നേ പണി തുടങ്ങി യു.ഡി.എഫ്
കൊച്ചി: വിവിധ കക്ഷികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാകുന്നതിന് മുൻപേ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് എത്തിക്കഴിഞ്ഞു എറണാകുളം ലോക്സഭാ മണ്ഡലം. ഫെബ്രുവരി 21ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ ഇടതുപക്ഷം പ്രചാരണത്തിൽ കാതങ്ങൾ മുന്നിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഹൈബി ഈഡൻ തന്നെ വരുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയ കോൺഗ്രസും പ്രചാരണത്തിലേക്ക് കടന്നുകഴിഞ്ഞു.അതേസമയം, എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ആരെന്നതിനു മാത്രം ഇതുവരെ വ്യക്തത വന്നിട്ടില്ല.
റോഡ് ഷോകളും കൺവെൻഷനുകളുമായി എൽ.ഡി.എഫ്
അദ്ധ്യാപികയും കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി അംഗവും വടക്കൻ പറവൂർ നഗരസഭാംഗവുമായ കെ.ജെ.ഷൈന്റെ സ്ഥാനാർത്ഥിത്വം പാർട്ടി കേന്ദ്രങ്ങളിൽ പോലും അപ്രതീക്ഷിതമായിരുന്നു. എന്നാലതിനു ശേഷം റോഡ് ഷോകളും മുന്നണി യോഗങ്ങളും യുവജന സദസുകളുമൊക്കെയായി മുന്നോട്ട് നീങ്ങിയ ഇടതുപക്ഷം ആദ്യ ഘട്ട റോഡ് ഷോയും പൂർത്തിയാക്കി പ്രചാരണത്തിൽ കാതങ്ങൾ മുന്നിലെത്തി. വ്യാഴാഴ്ചയായിരുന്നു ഇടതിന്റെ പാർലമെന്റ് മണ്ഡലംതല തിരഞ്ഞെടുപ്പ് കൺവെൻഷൻ. ഇന്നും നാളെയുമായി നിയോജക മണ്ഡലം തല കൺവെൻഷനുകളും.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുന്നേ ബോർഡുകളെത്തി
യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് ദിവസങ്ങൾക്ക് മുന്നേ തന്നെ പാലാരിവട്ടം, കലൂർ തുടങ്ങിയ പ്രദേശങ്ങളിൽ സിറ്റിംഗ് എം.പി ഹൈബി ഈഡന്റെ പേരിൽ പ്രചാരണ ബോർഡുകൾ ഉയർന്നു. മുൻപെങ്ങുമില്ലാത്ത വിധം ഹൈബിയോട് അടുത്തു നിൽക്കുന്ന സോഷ്യൽ മീഡിയ വൃത്തങ്ങളും പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഭാര്യ അന്ന ലിൻഡ ഈഡനൊപ്പമുള്ള പ്രഭാത നടത്തത്തിന്റെ വീഡിയോ ഉൾപ്പെടെ ഹൈബി പങ്കുവച്ചിരുന്നു.
സ്ഥാനാർത്ഥിയാരെന്നറിയാതെ എൻ.ഡി.എ
ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് ഒരു വിവരവും പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് ബി.ജെ.പിയും എൻ.ഡി.എയും. സീറ്റ് ബി.ജെപിക്ക് തന്നെയാണോ ഘടക കക്ഷിക്കാണോ എന്നാണോ എന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. പത്മജ വേണുഗോപാൽ ബി.ജെ.പി പാളയത്തിലെത്തിയതോടെ അവർ എറണാകുളത്ത് സ്ഥാനാർത്ഥിയാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും വ്യാപകമാണ്. എന്നാൽ ഇതൊന്നും സംബന്ധിച്ച് പാർട്ടി-മുന്നണി നേതൃത്വങ്ങൾ പ്രതികരിച്ചിട്ടില്ല.
തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനങ്ങളുണ്ട്. പത്മജ വേണുഗോപാൽ ഉൾപ്പെടെ ആര് എതിർ സ്ഥാനാർത്ഥിയായാലും അതിനെയെല്ലാം ഗൗരവത്തോടെ കാണും. 
ഹൈബി ഈഡൻ എം.പി,
കോൺഗ്രസ്
ഇടതുപക്ഷത്തിനു വിജയമുറപ്പ്. പദ്മജ ബി.ജെ.പി സ്ഥാനാർത്ഥിയായാൽ ക്ഷീണം കോൺഗ്രസിനായിരിക്കും.
കെ.എം. ദിനകരൻ,
സി.പി.ഐ ജില്ലാ സെക്രട്ടറി
ഉറച്ച വിജയ പ്രതീക്ഷയുണ്ട്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന നിമിഷം മുതൽ ശക്തമായ പ്രചാരണം നടത്തും.
അഡ്വ. നാരായണൻ നമ്പൂതിരി,
ബി.ജെ.പി സംസ്ഥാന വക്താവ്
7 നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ , എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോകസഭാ നിയോജകമണ്ഡലം. കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡനാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.