submarine

വരാനിരിക്കുന്നത് മെഗാ യാനം

കൊച്ചി: നാവികസേനയ്ക്കായുള്ള ചെറു നിരീക്ഷണ അന്തർവാഹിനി കൊച്ചികായലിൽ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആർ.ഡി.ഒ). കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച 'ഹൈ എൻഡ്യുറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എച്ച്.ഇ.എ.യു.വി) കഴിഞ്ഞദിവസം രാജ്യാന്തര ഷിപ്പ് റിപ്പയർ ഫെസിലിറ്റി ജെട്ടിക്ക് സമീപമാണ് ട്രയൽറൺ നടത്തിയത്.

സെൻസറുകൾ ഘടിപ്പിച്ച അന്തർവാഹിനിക്ക് കടലിനടിയിൽ യുദ്ധമുഖത്തും പ്രവർത്തിക്കാനാകും. പത്തുമീറ്ററോളം നീളം വരും. 15 ദിവസമാണ് ബാറ്ററി ലൈഫ്. ആളെ കയറ്റാം. മൈൻ പ്രതിരോധ കവചവും റഡാർ ഇന്റലിജൻസ് സംവിധാനവുമുണ്ട്. കപ്പലിൽ കയറ്റിയും റോഡിലൂടെ ട്രെയ്‌ലറിലും കൊണ്ടുപോകാം.

ഓളപ്പരപ്പിലും വെള്ളത്തിനടിയിലുമായിരുന്നു പരീക്ഷണം. സൈനിക ദൗത്യങ്ങൾക്ക് ഈ ചെറുമുങ്ങിക്കപ്പൽ പ്രാപ്തമാണെന്ന് ഡി.ആർ.ഡി.ഒ എക്സിൽ കുറിച്ചു. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അന്തർവാഹിനി ഡ്രോണുകളും അണിയറയിൽ

ആളില്ലാത്ത അന്തർവാഹിനി ഡ്രോണുകളാണ് ഡി.ആർ.ഡി.ഒയുടെ അടുത്ത ലക്ഷ്യം. 'എക്സ്ട്രാ ലാർജ് അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ (എക്സ്.എൽ.യു.യു.വി).' യുദ്ധമുഖത്ത് ആൾനാശം ഒഴിവാക്കാനാണ് ആളില്ലാ യാനങ്ങൾ നിർമ്മിക്കുന്നത്. 50 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയും 300 ടൺ ഭാരവും വരും. പരമാവധി വേഗം മണിക്കൂറിൽ എട്ടു നോട്ടിക്കൽ മൈൽ. ടോർപ്പിഡോകൾ അടക്കം 10 ടൺ ആയുധങ്ങൾ വഹിക്കും. കടലിന് മീതെയും അടിയിലും യുദ്ധത്തിന് ഉപയോഗിക്കാം. ശത്രുവിന്റെ പടനീക്കം നിരീക്ഷിക്കും. 45 ദിവസമാണ് ബാറ്ററി ലൈഫ്.

ലോകത്തെ ഏറ്റവും വലിയ എക്സ്.എൽ.യു.യു.വികളിൽ ഒന്നാവും. യു.എസ്. നേവിയുടെ ഓർക്ക, റഷ്യയുടെ സർമ- ഡി എന്നിവയോട് കിടപിടിക്കും. ‌ജർമ്മനിക്കും അന്തർവാഹിനി ഡ്രോണുകളുണ്ട്. ചൈന ഇവ വികസിപ്പിക്കുന്നതേയുള്ളൂ.

ഇന്ത്യൻ നാവികസേനയ്‌ക്ക് 19 അന്തർവാഹിനികളുണ്ട്. അരിഹന്ത്, കൽവരി, ശിശുമാ‌ർ, സിന്ധുഘോഷ് പരമ്പരകളിലാണിവ.